അടിമാലി: ബഫർസോൺ വിഷയത്തിലെ കൃഷി മന്ത്രി പി. പ്രസാദിന്റെ നിലപാടിൽ പ്രതിഷേധിച്ച് ദേവികുളം താലൂക്കിൽ 27ന് അതിജീവന പോരാട്ട വേദി പ്രഖ്യാപിച്ച ഹർത്താലിനെയും കേരള വ്യാപാരിവ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ച പണിമുടക്കിനെയും യു.ഡി.എഫ് പിന്തുണയ്ക്കും. ബഫർസോൺ 10 കിലോ മീറ്ററാക്കണമെന്നാവശ്യപ്പെട്ട് ചെന്നൈ ഹരിത ട്രൈബ്യൂണലിൽ ഹർജി നൽകിയ പി. പ്രസാദ് ബഫർസോൺ ഭേദഗതി അംഗീകരിച്ച മന്ത്രിസഭ യോഗത്തിൽ അനുകൂല നിലപാട് സ്വീകരിച്ചത് തികഞ്ഞ ഇരട്ടത്താപ്പും സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന് യു.ഡി.എഫ് ദേവികുളം നിയോജക മണ്ഡലം ചെയർമാൻ എം.ബി, സൈനുദ്ദീൻ, കൺവീനർ ഒ.ആർ. ശശി എന്നിവർ പറഞ്ഞു. വഞ്ചനാപരമായ നിലപാട് സ്വീകരിച്ച അദ്ദേഹത്തെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. ബഫർസോൺ ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ ജില്ലയുടെ അടിത്തറ ഇളക്കിക്കഴിഞ്ഞു. ഭൂമിയുടെ ക്രയവിക്രയങ്ങൾ പൂർണ്ണമായും നിലച്ചു. ധനകാര്യ സ്ഥാപനങ്ങൾ വായ്പ നിക്ഷേധിക്കുന്നു. ഇതിനിടയിലാണ് കൃഷിക്കാരുടെ കഞ്ഞിയിൽ മണ്ണ് കോരിയിടാൻ കൃഷിമന്ത്രി തന്നെ മുന്നിട്ടിറങ്ങിയിരിക്കുന്നത്. സംരക്ഷിത വനത്തിന്റെ പേരും പറഞ്ഞ് വഴിയോര കച്ചവടക്കാരെ ജയിലിലടയ്ക്കാനും കള്ളക്കേസെടുക്കാനും വനംവകുപ്പും ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു. സംസ്ഥാന സർക്കാരാണ് ബഫർസോൺ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അടിസ്ഥാനപരമായി തീരുമാനമെടക്കേണ്ടതെന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്, ഡീൻ കുര്യാക്കോസ് എം.പിയോടും ഇടുക്കിയിൽ നിന്നുള്ള നിവേദകസംഘങ്ങളോടും പറഞ്ഞത്. ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ പോലും ആരുമില്ലാതായിരിക്കുന്നു. നാഥനില്ലാ കളരിയായി ഭരണം മാറിയെന്ന് യു.ഡി.എഫ് നേതാക്കളായ ജെ.എസ്.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. ജയൻ, കേരളകോൺഗ്രസ് (ജേക്കബ്) നിയോജക മണ്ഡലം പ്രസിഡന്റ് ജോൺസൺ അലക്‌സാണ്ടർ, കേരളകോൺഗ്രസ് (ജോസഫ്) ജില്ല സെക്രട്ടറി ബാബു കീച്ചേരി, ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ.ബാബു, സി.എം.പി ജില്ല സെക്രട്ടറി കെ.എ.കുര്യൻ എന്നിവർ പറഞ്ഞു.