 
പീരുമേട്: എസ്റ്റേറ്റ് ഉടമകൾ 150 മീറ്റർ ദൂരത്തെ സ്ഥലം വിട്ടുനൽകാൻ തയ്യാറാകാത്തതിനാൽ രോഗിയായ വൃദ്ധയെ തോട്ടംതൊഴിലാളികൾ ചുമന്ന് ആശുപത്രിയിലെത്തിച്ചു. ഏലപ്പാറ- കൊച്ചുകരിന്തരുവി 38 ഭാഗത്തുള്ള 80കാരിയെയാണ് റോഡില്ലാത്തതിനാൽ ചുമന്നുകൊണ്ട് പോകേണ്ടി വന്നത്. തോട്ടം ഉടമകൾ കനിഞ്ഞാൽ ഈ പ്രദേശത്ത് താമസിക്കുന്ന 200 കുടുംബങ്ങൾക്ക് റോഡിൽ കൂടി യാത്ര ചെയ്യാനും വാഹനങ്ങളിൽ എത്താനും കഴിയും. ഏലപ്പാറ- കൊച്ചുകരിന്തരുവി റോഡിൽ നിന്ന് 38 ഭാഗത്തേയ്ക്ക് പ്രധാന റോഡിൽ നിന്ന് 150 മീറ്റർ ദൂരമാണുള്ളത്. പുതിയ റോഡ് നിർമ്മിച്ചാൽ പ്രദേശവസിക്കൾക്കും എസ്റ്റേറ്റിനും ഒരുപോലെ പ്രയോജനം ചെയ്യും. ഏലപ്പാറ ഗ്രാമപഞ്ചായത്ത് മുഖേനയും ഈ ആവശ്യം ഉന്നയിച്ച് എസ്റ്റേറ്റ് മാനേജ്‌മെന്റിന് കത്ത് നൽകിയിരുന്നു. എന്നാൽ ഇതിൽ നിന്നും ഒഴിഞ്ഞ് മാറി തടസവാദങ്ങൾ ഉന്നയിച്ച മാനേജ്‌മെന്റ് ഏതാനും മാസങ്ങൾക്ക് മുമ്പ് പണിത റിസോർട്ടിന് വേണ്ടി റോഡിന് സ്ഥലം നൽകി. റിസോർട്ട് ഉടമകൾ റോഡ്പണി പൂർത്തിയാക്കി. ദശാബ്ദങ്ങളായി ഇവിടെ താമസിക്കുന്ന കർഷകരും കൂലിപ്പണിക്കാരുമാണ് വാഹനമെത്താൻ കഴിയുന്ന റോഡ് എന്ന ആവശ്യം ഉന്നയിക്കുന്തന്. നാട്ടുകാർക്ക് അനുവാദം നൽകാതെ റിസോർട്ട് ഉടമക്ക് പോകാൻ സ്വകാര്യ റോഡ് നൽകിയ തോട്ടമുടമകളുടെ നടപടികൾക്കെതിരെ നാട്ടുകാർ മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകാൻ തീരുമാനിച്ചിരിക്കുകയാണ്.