കട്ടപ്പന: ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ വീണ വായോധികന്റെ കാലിലൂടെ അതേ ബസിന്റെ ടയർ കയറി ഇറങ്ങി. മുരിക്കാശ്ശേരി പതിനാറാംകണ്ടം സ്വദേശി പുത്തൻ പുരയിൽ ജോസഫ് ചാക്കോയ്ക്കാണ് (68) സാരമായി പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചയോടെ പുറ്റടിയിലായിരുന്നു അപകടം. എറണാകുളം- കുമളി റൂട്ടിൽ സർവീസ് നടത്തുന്ന ബസ് നിർത്താൻ വേഗത കുറയ്ക്കുന്നതിനിടയിൽ വയോധികൻ ഇറങ്ങാൻ ശ്രമിക്കവേ നിലതെറ്റി വീഴുകയും ഒരു കാലിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങുകയുമായിരുന്നു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയശേഷം ഇദ്ദേഹത്തെ കോലഞ്ചേരി ആശുപത്രിയിലേക്ക് കൊണ്ടുപോയി.