മറയൂർ: സ്വകാര്യ ഭൂമിയിൽ നിന്ന് ചന്ദനമരം മുറിച്ച് കടത്താനുള്ള മോഷ്ടാക്കളുടെ ശ്രമം വിജയിച്ചില്ല. സൗരോർജ വേലിയും മരച്ചില്ലകളും തടസമായതിനാൽ മുറിച്ചിട്ട ചന്ദന മരം കൊണ്ടുപോകാൻ കഴിയാതെ മോഷ്ടാക്കൾ മടങ്ങി. ഇടക്കടവിൽ ഗ്രേസി സോമന്റെ പറമ്പിൽ നിന്നുമാണ് 15 അടി ഉയരമുള്ള ചന്ദനമരം കഴിഞ്ഞദിവസം മോഷ്ടാക്കൾ രാത്രിയിൽ മുറിച്ചിട്ടത്. ഈ മരം സൗരോർജ വേലിക്കും മറ്റൊരു മരത്തിന്റെ ഇടയിലും നിന്നിരുന്നതിനാൽ മുറിച്ചപ്പോൾ മരത്തിന്റെ ഇടയിൽ കുടുങ്ങിയതിനാൽ മോഷ്ടാക്കൾ അന്നത്തെ ദിവസം ശ്രമം ഉപേക്ഷിച്ചു കടന്നു. പിന്നീട് ബുധനാഴ്ച രാത്രി ചന്ദന തടി കഷ്ണങ്ങളാക്കാൻ വലിച്ചിട്ട് ശിഖരങ്ങൾ വെട്ടി മാറ്റിയെങ്കിലും ചെറു കഷണങ്ങളാക്കാനോ സ്ഥലത്ത് നിന്ന് നീക്കം ചെയ്യാനോ കഴിയാത്തതിനാൽ സ്ഥലത്ത് തന്നെ ഉപേക്ഷിച്ചു മടങ്ങി. വനം വകുപ്പിനെ വിവരം അറിയിച്ചതിനെ തുടർന്ന് വണ്ണാന്തുറ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ചന്ദനമരം മുറിച്ചിട്ട പ്രദേശത്ത് പരിശോധന നടത്തി.