മുട്ടം: വള്ളിപ്പാറ പഞ്ചായത്ത് പടിക്ക് സമീപം കൊടും വളവിൽ രണ്ട് വർഷങ്ങൾക്കിടെ ചെറുതും വലുതുമായ മുപ്പതോളം അപകടങ്ങളാണുണ്ടായത്. അപകടങ്ങൾ തുടർക്കഥയായതോടെ ഇവിടെ റോഡിന്റെ വീതി കൂട്ടി സംരക്ഷണ കവചം സ്ഥാപിച്ചിരുന്നു. എന്നാൽ അതെല്ലാം തകർത്താണ് അപകടങ്ങൾ ആവർത്തിക്കുന്നത്. ഒരു മാസം മുമ്പ് കോട്ടയത്ത് നിന്ന് അറക്കുളം എഫ്.സി.ഐ ഗോഡൗണിലേക്ക് അരി കയറ്റിവന്ന ലോറി തല കീഴായി മറിഞ്ഞ് അപകടമുണ്ടായിരുന്നു. അതിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും അവിടെ നിന്ന് പൂർണ്ണമായും നീക്കിയിട്ടില്ല. അതിനിടെയാണ് റബർ പാലുമായി വന്ന നാഷണൽ പെർമിറ്റ് ലോറി നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്. അപകടത്തിൽ ഡ്രൈവർ ക്യാബിൻ പൂർണമായും തകർന്നു. ഇറക്കത്തോടെയുള്ള കൊടുംവളവായാതിനാൽ ഇതിലൂടെ കടന്ന് വരുന്ന വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്നതാണ് അപകടകാരണം. ചിലർ മദ്യപിച്ച് അമിത വേഗത്തിൽ വാഹനമോടിക്കുന്നതും അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നുണ്ട്. റോഡിന്റെ വശത്ത് കൂടുതൽ ഉയരത്തിലും ബലത്തിലുമുള്ള ആധുനിക രീതിയിലുള്ള സംരക്ഷണ കവചം സ്ഥാപിക്കാൻ ജനപ്രതിനിധികൾ പദ്ധതി ആവിഷ്‌ക്കരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ഇക്കാര്യമാവശ്യപ്പെട്ട് സ്ഥലഉടമ ജനപ്രതികൾ, പൊതുമരാമത്ത്, റവന്യൂ അധികൃതർക്ക് എന്നിവർക്ക് നിരവധിതവണ പരാതികൾ നൽകിയെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ലെന്ന് പറയുന്നു. അധികൃതർ കൈയൊഴിഞ്ഞതിനെ തുടർന്ന് പ്രദേശവാസികളുടെ ഉപദേശപ്രകാരം വീടിന്റെ തൊട്ടടുത്ത് മറ്റൊരു വീട് പണിത് അവിടേക്ക് താമസം മാറ്റി. ഇപ്പോൾ അവിടെയാണ് താമസം.
അമോണിയം ചോർന്നത് രക്ഷാപ്രവർത്തനം തടസമായി
അപകടസമയം പുരയിടത്തിന്റെ ഉടമ മരുതുംകല്ലേൽ വിജയനും ഭാര്യ രാധാമണിയും മകൻ ഷിബുവും അല്പം അകലെ പറമ്പിൽ ജോലി ചെയ്യുകയായിരുന്നു. വലിയ ശബ്ദം കേട്ട് മൂവരും പെട്ടെന്ന് ഓടി എത്തിയപ്പോൾ വീടിന് സമീപം കിടക്കുന്ന ലോറിയാണ് കണ്ടത്. എന്ത് ചെയ്യണമെന്നറിയാതെ ഭയന്ന് റോഡിലൂടെ പോയ മറ്റ് വാഹന യാത്രക്കാർ താഴേക്ക് ഇറങ്ങി വന്ന് വാഹനത്തിലുള്ളവരെ തിരഞ്ഞു. എന്നാൽ റബർ പാലിൽ കലർത്തിയ അമോണിയത്തിന്റെ അതിരൂക്ഷമായ ഗന്ധത്തെ തുടന്ന് ലോറിയുടെ അടുത്തേക്ക് അടുക്കാൻ കഴിഞ്ഞില്ല. സ്ഥലത്ത് എത്തിയവരിൽ ചിലർക്ക് രൂക്ഷ ഗന്ധത്തെ തുടർന്ന് അസ്വസ്ഥതകളുണ്ടായി. വിവരം ഉടൻ പൊലീസിലും ഫയർ ഫോഴ്സിലും അറിയിച്ചു. അവർ എത്തിയതിനെ തുടർന്നാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. മാസ്ക് ഉപയോഗിച്ചാണ് ഇവർ രക്ഷാപ്രവർത്തനം നടത്തിയത്. 98 വീപ്പകളായി 20 ടൺ റബർ പാലാണ് ലോറിയിലുണ്ടായിരുന്നത്. ലോറിയിലുണ്ടായിരുന്ന അമ്പതോളം വീപ്പകൾ ചിതറിത്തെറിച്ചു. ഇതിൽ പതിനഞ്ചോളം വീപ്പകൾ പൊട്ടി റബർ പാൽ ചോർന്നൊലിച്ചു.