കട്ടപ്പന :ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയുടെ വീട് കത്തി നശിച്ചു.കോവിൽമല മാച്ചേരിൽ വിലാസിനി ( 57 ) യുടെ വീടിനാണ് വെള്ളിയാഴ്ച്ച പുലർച്ചെ തീ പിടിച്ചത്.തക്കസമയത്ത് എത്തിയ അയൽവാസിയായ വനിത വൃദ്ധയെ പരിക്കേൽക്കാതെ രക്ഷപ്പെടുത്തി.ഏതാനും ദിവസങ്ങളായി അയൽവാസിയുടെ വീട്ടിലാണ് വിലാസിനി താമസിച്ചിരുന്നത്.ഇന്നലെ പുലർച്ചെ 6 ഓടെ വീട്ടിൽ മടങ്ങിയെത്തിയ ഇവർ മെയിൻ സ്വിച്ചും, ലൈറ്റുകളും ഓണാക്കിയ ശേഷം ശുചിമുറിയിൽ കയറി തിരികെ ഇറങ്ങിയപ്പോഴാണ് അയൽവാസികൾ വീടിന് തീപിടിച്ചതായി ബഹളം വച്ച് അറിയിച്ചത്. ഉടനെ തീ അണയ്ക്കാൻ കയറിയ വിലാസിനി അകത്ത് കുടുങ്ങി . ഇതുകണ്ട അയൽവാസിയായ സ്ത്രീ ഉടനെ ഇവരെ വലിച്ച് പുറത്തിറക്കി രക്ഷപ്പെടുത്തുകയായിരുന്നു.തീ നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെയാണ് നാട്ടുകാർ കട്ടപ്പന അഗ്‌നിശമന സേനയിൽ വിവരം അറിയച്ചത്.തുടർന്ന് ഇവരെത്തി അരമണിക്കൂറിനുള്ളിൽ തീ കെടുത്തുകയായിരുന്നു. അകത്തുണ്ടായിരുന്ന ഗൃഹോപകരണങ്ങളും വൃദ്ധയുടെ വസ്ത്രങ്ങളും ആഭരണങ്ങളും 15000 രൂപയും കത്തി നശിച്ചു.ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.