കട്ടപ്പന: ഹരിത ട്രൈബ്യൂണലിൽ നിലവിലില്ലാത്ത കേസിന്റെ പേരിൽ സി.പി.ഐ ജില്ലാ സമ്മേളനം തുടങ്ങുന്ന ദിനത്തിൽ ദേവികുളം താലൂക്കിൽ ഹർത്താൽ പ്രഖ്യാപിച്ച അതിജീവന പോരാട്ടാ വേദി മറ്റാരുടെയോ ബിനാമികളായി പ്രവർത്തിക്കുന്നവരാണെന്ന് സി പി ഐ.ഇത്തരം ഇരുട്ടിന്റെ ശക്തികളെ ജനങ്ങൾ നേരിടുമെന്നും ജില്ലാ കമ്മറ്റി പറഞ്ഞു.അതിജീവന പോരാട്ട വേദിയെന്ന പേരിൽ രംഗത്ത് വന്നിരിക്കുന്ന ഇവർ സി.പി.ഐ.യെ അപമാനിയ്ക്കാൻ നിരന്തരം നുണ പ്രചരണങ്ങൾ അഴിച്ചുവിടുകയാണ്.കൃഷി മന്ത്രി പി.പ്രസാദ് ഹരിത ട്രൈബ്യൂണലിൽ നൽകിയിരിക്കുന്ന ഹർജി നിലനിൽക്കുന്ന ഒന്നല്ല.സംസ്ഥാന സർക്കാർ തോട്ടങ്ങളെയും ജനവാസ മേഖലകളെയും കരുതൽ മേഖലയിൽ നിന്നും ഒഴിവാക്കാൻ വളരെ നേരത്തെ തീരുമാനമെടുത്തിട്ടുണ്ട്.കേരളത്തിൽ സംരക്ഷിത മേഖല പൂജ്യമാക്കി കേന്ദ്രത്തിന് റിപ്പോർട്ട് ചെയ്തു. കരുതൽ മേഖല സംബന്ധിച്ച് സുപ്രിം കോടതി വിധി വന്നയുടൻ തന്നെ ജനസാന്ദ്രത കൂടിയ സംസ്ഥാനത്ത് ഇത്തരം വിധി നടപ്പാക്കാൻ കഴിയില്ല എന്ന് കാട്ടി സുപ്രിംകോടതിയിൽ പുനപരിശോധന ഹർജിയും സംസ്ഥാന സർക്കാർ നൽകിയിയിട്ടുണ്ട്. കേരളത്തിലെ കർഷകരെ നിരന്തരം ദ്രോഹിച്ച കോൺഗ്രസ് ഇപ്പോൾ രക്ഷകരായി വന്നിരിക്കുന്നത് ആശ്ചര്യകരമാണ് ബഫർ സോണിന്റെ പേരിൽ സമരം ചെയ്യുന്ന കെ.സി.ബി.സി കർഷകർക്ക് ഭൂമി ലഭിച്ചതിനെ തുടർന്ന് നടന്ന വിമോചന സമരത്തിൽ പങ്കെടുത്തവരാണ്.ദേവികുളത്ത് ഹർത്താലിന് നേതൃത്വം നൽകുന്ന അതിജീവന പോരാട്ട വേദി ഇന്നലത്തെ മഴയത്ത് കുരുത്ത വെറും തകരയാണെന്നും സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമൻ, മാത്യു വർഗീസ്, വി.ആർ.ശശി, വി.എസ്.അഭിലാഷ് എന്നിവർ പറഞ്ഞു.