കട്ടപ്പന: ബഫർ സോൺ പ്രശ്‌നത്തിൽ ഇടത് സർക്കാരിനെ വിശ്വസിച്ചവർക്ക് ഇത് അഭിമാന നിമിഷമെന്ന് സി.പി.എം.ജില്ലാ കമ്മിറ്റി. പ്രശ്‌നത്തിൽ പുനപരിശോധന ഹർജി നൽകുന്ന ആദ്യത്തെ സംസ്ഥാനമാണ് കേരളം . സുപ്രിംകോടതിയിലെ മുതിർന്ന അഭിഭാഷകനാണ് കേരളത്തിന് വേണ്ടി ഹാജരാകുന്നത്. കരുതൽ മേഖല പൂജ്യമാക്കി സർക്കാർ ഉത്തരവിറക്കിയതിന് പിന്നാലെയാണ് സുപ്രീം കോടതിയിലേയ്ക്കും നീങ്ങിയത്. കേരളത്തിലെ 23 വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ചുറ്റുമുള്ള കൃഷിയിടങ്ങൾ ജനവാസ കേന്ദ്രങ്ങൾ ഇവയെല്ലാം ഒഴിവാക്കി വനം പരിസ്ഥിതി മന്ത്രാലയത്തിനും എംപവേർഡ് കമ്മിറ്റിയ്ക്കും സർക്കാർ റിപ്പോർട്ട് നൽകിയിരുന്നു. 2011 ൽ കേന്ദ്രമന്ത്രി ജയറാം രമേശ് 10 കിലോമീറ്റർ കരുതൽ മേഖല പ്രഖ്യാപിച്ചപ്പോൾ 12 കിലോമീറ്ററാക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ വാദിച്ചിരുന്നു.2003 ൽ കെ. സുധാകരൻ വനം മന്ത്രിയായിരിക്കെയാണ് ജില്ലയിലെ കർഷകരെ തകർക്കാൻ മൂന്ന് വന്യ ജീവി സങ്കേതങ്ങൾ കൂടി പ്രഖ്യാപിച്ചത്. അധികാരം കിട്ടിയപ്പോൾ മലയോര ജനതയെ ആട്ടിപ്പായിക്കാൻ ശ്രമിച്ചവരാണ് കോൺഗ്രസ് . ഇതിനെതിരെ ജനങ്ങൾക്ക് ഒപ്പം നിന്നത് ഇടതുപക്ഷമാണെന്ന് സി.പി.എം.ജില്ലാ സെക്രട്ടറി സി.വി.വർഗീസ്, നേതാക്കളായ കെ.എസ്.മോഹനൻ, വി.ആർ.സജി, എം സി ബിജു, കെ പി സുമോദ് എന്നിവർ പറഞ്ഞു.