തൊടുപുഴ: വന്യമൃഗങ്ങളോട് പൊരുതി ജീവിതം കരുപ്പിടിപ്പിച്ച ജില്ലയിലെ കുടിയേറ്ര കർഷകർക്ക് ഇപ്പോൾ നാട്ടിലെ നായ്ക്കളോടും പോരടിക്കേണ്ട സ്ഥിതിയാണ്. ഈ വർഷം ഇതുവരെ ജില്ലയിൽ 1827 പേർക്കാണ് നായ്ക്കളുടെ കടിയേറ്റത്. ഈ മാസം ഇതുവരെ നായയുടെ കടിയേറ്രത് 131 പേർക്കാണ്. കഴിഞ്ഞ മാസം 245 പേർക്കാണ് കടിയേറ്റത്. സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടിയവരുടെ കണക്കാണിത്. തെരുവ് നായ്ക്കളുടെയും വളർത്ത് നായ്ക്കളുടെയും കടിയേറ്റവർ ഇക്കൂട്ടത്തിൽപ്പെടും. രണ്ട് മാസം മുമ്പ് ജൂണിലാണ് നായയുടെ കടിയേറ്റ വീട്ടമ്മ പേവിഷബാധയേറ്റ് മരിച്ചത്. പേവിഷ ബാധയ്ക്കുള്ള മരുന്നും ജില്ലയിൽ കിട്ടാനില്ലാത്ത സ്ഥിതിയുണ്ട്. ജൂണിൽ ഒരു ദിവസം നെടുങ്കണ്ടത്ത് വൃദ്ധയടക്കം ഏഴ് പേർക്കും വണ്ണപ്പുറം മുണ്ടൻമുടിയിൽ അഞ്ച് പേർക്കുമാണ് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്രത്. കഴിഞ്ഞ ഞായറാഴ്ച കുറുമ്പാലമറ്റത്ത് തെരുവ് നായയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു. നായ്ക്കൾ വളർത്ത് മൃഗങ്ങളെയും ആക്രമിച്ച് കൊലപ്പെടുത്തുന്നുണ്ട്. മുട്ടത്ത് മാസങ്ങൾക്ക് മുമ്പ് തെരുവ് നായ 40 കോഴികളെയാണ് കൊന്നുതിന്നത്. കൂട്ടമായെത്തുന്ന നായ്ക്കൾ വഴിയോരങ്ങളിൽ തലങ്ങും വിലങ്ങും വിലസുമ്പോൾ വാഹനയാത്രികരും ഭീതിയിലാണ്. ഇരുചക്ര വാഹനങ്ങൾക്ക് പിന്നാലെ നായ്ക്കൾ കുരച്ചുകൊണ്ട് പായുന്നതും പതിവാണ്. പുലർച്ചെ നടക്കാനിറങ്ങിയിരുന്ന പലരും നായ്ക്കളെ പേടിച്ച് നടത്തം നിറുത്തി.
നായശല്യത്തിന് കാരണം മാലിന്യം
പൊതുജനങ്ങളുടെയും കച്ചവട സ്ഥാപനങ്ങളുടെയും അലക്ഷ്യമായ മാലിന്യം തള്ളലും അശാസ്ത്രീയമായ രീതിയിൽ പ്രവർത്തിക്കുന്ന അറവുശാലകളുമാണ് തെരുവുനായ്ക്കൾ പെരുകാൻ പ്രധാന കാരണം. മാലിന്യനിർമാർജ്ജനത്തിനുള്ള പദ്ധതികൾ തദ്ദേശസ്ഥാപനങ്ങൾ നടപ്പിലാക്കുന്നെങ്കിലും മാലിന്യം കുന്നുകൂടുന്നത് കുറയ്ക്കാൻ ഇത് ഫലപ്രദമാകുന്നില്ല. നഗരത്തിലെ സ്ഥിരം മാലിന്യനിക്ഷേപ കേന്ദ്രങ്ങളിലും റോഡരികിൽ കൂടിക്കിടക്കുന്ന മാലിന്യങ്ങൾക്കരികിലും നായ്ക്കൾ കൂട്ടമായി വിഹരിക്കുന്നത് കാൽനട യാത്രക്കാർക്കും വാഹന യാത്രക്കാർക്കും പരിസരവാസികൾക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. റോഡരികിൽ ചാക്കിൽകെട്ടി വലിച്ചെറിയുന്ന മാലിന്യം നായ്ക്കൾ റോഡിലിട്ട് കടിച്ചുകീറുന്നത് പതിവാണ്. അറവുശാലകളിൽ നിന്ന് റോഡരികിലും ഒഴിഞ്ഞ സ്ഥലത്തും തള്ളുന്ന ഇറച്ചിമാലിന്യങ്ങൾ തിന്നാനെത്തുന്ന നായ്ക്കളും ആളുകൾക്ക് വലിയ ഭീഷണിയാണ്.
നിർജീവമായ വന്ധ്യംകരണം
സംസ്ഥാന സർക്കാർ കുടുംബശ്രീ വഴി നടപ്പാക്കിയ എ.ബി.സി പദ്ധതി ജില്ലയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും നിഷ്‌ക്രിയമാണ്. പ്ലാൻ ഫണ്ടിൽ നിന്നാണ് വന്ധ്യംകരണ പദ്ധതിക്കുള്ള തുക അനുവദിച്ചിരിക്കുന്നത്. അലഞ്ഞു തിരിഞ്ഞ് നടക്കുന്ന തെരുവുനായ്ക്കളെ പ്രത്യേകം തയ്യാറാക്കിയ ശസ്ത്രക്രിയാ കേന്ദ്രത്തിലെത്തിച്ച് വന്ധ്യംകരണം നടത്തിയ ശേഷം പിടികൂടിയ സ്ഥലത്തു തന്നെ തിരിച്ചു വിടുകയാണ് ചെയ്യുന്നത്. വന്ധ്യംകരണം നടത്തിയ നായ്ക്കളെ തിരിച്ചറിയാനായി ഇവയുടെ ഇടത് ചെവിയിൽ സ്റ്റാർ ആകൃതിയിൽ സ്റ്റാമ്പ് ചെയ്തിട്ടുണ്ടാകും. എന്നാൽ ഈ നടപടികളൊന്നും കാര്യക്ഷമമായി നടക്കുന്നില്ല.
തെരുവ് നായ ശല്യത്തിനെതിരെ സെമിനാർ
തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ഇതിനെതിരെ ജനവികാരം ഉണർത്തുന്നതിനും ഉചിതമായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ശല്യം അവസാനിപ്പിക്കുന്നതിനും ഇന്ന് മൂന്നിന് മണക്കാട് സർവീസ് സഹകരണ ബാങ്ക് ഹാളിൽ യോഗം ചേരും. ബാങ്ക് പ്രസിഡന്റ് ബി. ബിനോയ്, റിട്ട. വെറ്ററിനറി സർജൻ കെ.കെ. ഷാജി, പഞ്ചായത്ത് മുൻ സെക്രട്ടറി സി.സി. ബേബിച്ചൻ, സംഘാടക സമിതി ചെയർമാൻ ഡി. ഗോപാലകൃഷ്ണൻ, കൺവീനർ എസ്. അനൂപ് എന്നിവർ ചർച്ച നയിക്കും.