കെ .പി .സി .സി. പ്രസിഡൻ്റ് കെ.സുധാകരൻ പങ്കെടുക്കും
തൊടുപുഴ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ വിജയത്തിനായിട്ടുള്ള ജില്ലാതല സ്വാഗത സംഘ രൂപീകരികരണം ഇന്ന് രാവിലെ 10 ന് മുട്ടം റൈഫിൾ ക്ലബ്ബിൽ ഡി.സി.സി പ്രസിഡന്റ് സി.പി.മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേരുമെന്ന് ഡി .സി.സി ജനറൽസെക്രട്ടറി എം.ഡി.അർജുനൻ അറിയിച്ചു.കെ .പി .സി .സി. പ്രസിഡൻ്റ് കെ.സുധാകരൻ എം.പി. യോഗം ഉദ്ഘാടനം ചെയ്യും. സംസ്ഥാന കോ - ഓർഡിനേറ്റർ കൊടിക്കുന്നിൽ സുരേഷ് എം.പി. മുഖ്യ പ്രഭാഷണം നടത്തും. കെ.പി.സി.സി അംഗങ്ങൾ, ഡി.സി.സി ഭാരവാഹികൾ, മുൻ ഡി.സി.സി ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡൻറുമാർ, മണ്ഡലം പ്രസിഡന്റുമാർ, പോഷക സംഘടനകളുടെ ജില്ലാ പ്രസിഡന്റുമാർ, സംസ്ഥാന ഭാരവാഹികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും. ഭാരത് ജോഡോ യാത്ര സെപ്തംബർ 7 ന് കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തിൽ നിന്നാണ് ആരംഭിക്കുന്നത്. സെപ്തംബർ 11ന് രാവിലെ കേരളത്തിൽ പ്രവേശിക്കുന്ന യാത്ര, തിരുവനന്തപുരം മുതൽ തൃശൂർ വരെ ദേശീയപാത വഴിയും തൃശൂർ മുതൽ നിലമ്പൂർ വരെ സംസ്ഥാന പാത വഴിയുമാണ് കടന്നു പോകുന്നത്. പാറശാല മുതൽ നിലമ്പൂർ വരെ 19 ദിവസങ്ങളിൽ 453 കിലോമീറ്ററാണ് ഭാരത് ജോഡോ യാത്ര കേരളത്തിൽ പര്യടനം നടത്തുന്നത്. ഓരോ ദിവസവും 25 കിലോമീറ്റർ ദൂരമാണ് പദയാത്ര കടന്നു പോകുന്നതും.