ഇടുക്കി: ഇരുചക്ര വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ ഫേസ്ബുക്ക് ലൈവിട്ട യുവാവിന്റെ ലൈസൻസ് മോട്ടോർവാഹന വകുപ്പ് റദ്ദാക്കി. ഇടുക്കി സ്വദേശി വിഷ്ണുവിന്റെ ലൈസൻസാണ് റദ്ദാക്കിയത്. ലൈസൻസ് മൂന്നുമാസത്തേക്ക് സസ്‌പെൻഡ് ചെയ്തതോടൊപ്പം ഐ.ഡി.ടി.ആർ പരിശീലനത്തിന് പോകണമെന്നും ഇടുക്കി ആർ.ടി.ഒ ആർ. രമണൻ ഉത്തരവിട്ടു. കഴിഞ്ഞദിവസമാണ് യുവാവ് തന്റെ ബൈക്കിൽ ചെറുതോണിയിൽ നിന്ന് പൈനാവിനുള്ള വഴിയിലൂടെ മൊബൈൽ ഫോണിൽ സോഷ്യൽ മീഡിയ ലൈവിട്ട് വാഹനം ഓടിച്ചത്. ഷാജി പാപ്പൻ എന്ന ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ലൈവ് പുറത്തുവിട്ടത്. ഇത് ശ്രദ്ധയിൽപ്പെട്ട ഇടുക്കി ആർ.ടി.ഒ വിഷ്ണുവിനെ വിളിച്ച് വരുത്തുകയും നടപടി സ്വീകരിക്കുകയുമായിരുന്നു. ഇത്തരത്തിലുള്ള നടപടി സംസ്ഥാനത്ത് തന്നെ ആദ്യമാണെന്ന് ആർ.ടി.ഒ പറഞ്ഞു. അപകടകരമായ രീതിയിലുള്ള ഡ്രൈവിങ്ങിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആർ.ടി.ഒ അറിയിച്ചു. നേരത്തെ രാജമുടിയിൽ അഞ്ച് വിദ്യാർത്ഥികൾ സ്‌കൂട്ടറിൽ യാത്ര ചെയ്ത സംഭവത്തിലും ആർ.ടി.ഒ കർശന നടപടി സ്വീകരിക്കുകയെയും ഇവരെ ആശുപത്രിയിൽ സേവനത്തിന് അയക്കുകയും ചെയ്തിരുന്നു.