നെടുങ്കണ്ടം :ഹൃദയാഘാതമുണ്ടായി അത്യാസന്ന നിലയിലായ വീട്ടമ്മയെ വിദഗ്ധ ചികിത്സക്ക് കൊണ്ടുപോകാൻ വൈകിയെന്ന് പരാതി. ആംബുലൻസ് ഡ്രൈവർ ഒരു മണിക്കൂർ വൈകിയതോടെ നാട്ടുകാരും ബന്ധുക്കളും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ബഹളം വെച്ചു. ഇന്നലെ രാവിലെ അവശനിലയില്ലായ ഉമ്മാക്കട മേക്കണ്ണയിൽ അമ്പിളി (40) നെയാണ് നെടുങ്കണ്ടം താലൂക്കാശുപത്രിയിൽ നാട്ടുകാരും ബന്ധുക്കളും ചേർന്ന് എത്തിച്ചത്. രാവിലെ 10ന് അമ്പിളിയെ ആശുപത്രിയിൽ എത്തിച്ചു. ഹൃദയാഘാതമാണ് കോട്ടയം മെഡിക്കൽ കോളജിലേക്ക് അമ്പിളിയെ മാറ്റണമെന്നും ഡോക്ടർ പറഞ്ഞു. ഇതോടെയാണ് താലൂക്കാശുപത്രിയുടെ ആംബുലൻസ് വിളിച്ചത്. ആംബുലൻസ് സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും ഡ്രൈവർ താമസിച്ചാണ് വന്നതെന്നാണ് പരാതി. ഡോക്ടറും താലൂക്കാശുപത്രി സുപ്രണ്ടും ഇടപെട്ട് ഡ്രൈവറെ ആശുപത്രിയിൽ എത്തിച്ചു. രോഗിയുടെ സ്ഥിതി ഗുരുതരമായതിനാൽ അമ്പിളിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പരാതി ലഭിച്ചതായും ഡ്രൈവറിൽ നിന്നും വിശദീകരണം തേടിയതായും താലൂക്കാശുപത്രി സൂപ്രണ്ട് അറിയിച്ചു.