മൂലമറ്റം: അറക്കുളം സർക്കാർ ആശുപത്രിയുടെ അവസ്ഥ ഏറെ ദയനീയം.മേൽക്കൂര ഷീറ്റുകൾ തുരുമ്പെടുത്ത് നശിച്ചു. , ചോർച്ച തടയാൻ മേൽക്കൂരയിൽ സ്ഥാപിച്ച പടുത കീറി മഴ വെള്ളം കെട്ടിടത്തിന്റെ അകത്തേക്ക് വീഴുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ആശുപത്രി മുറ്റത്തെ ഞാവൽ മരത്തിന്റെ ശിഖിരങ്ങൾ മുറിച്ച് പ്രവേശന കവാടത്തിൽ തള്ളിയത് ഏറെ നാളുകൾ കഴിഞ്ഞിട്ടും നീക്കം ചെയ്തില്ല, കെട്ടിടത്തിന് മുകളിലേക്ക്‌ വീണ കരിയിലകൾ അഴുകി ഇഴജന്തുക്കളുടെ താവളമായി മാറി. . ഇതെല്ലാം പരിഹരിച്ച് സ്ഥാപനത്തെ മികച്ച രീതിയിൽ പ്രവർത്തിപ്പിക്കാൻ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ ഇടപെടൽ ഉണ്ടാകണം എന്ന് ജനങ്ങൾ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും ഒന്നും സംഭവിക്കുന്നില്ലന്ന് മാത്രം. 70 വർഷത്തോളം പഴക്കമുള്ള ഈ സ്ഥാപനത്തിലെ കിടത്തി ചികിൽസ നിർത്തലാക്കി. ഒ.പി ചികിൽസ മാത്രമാണ് നിലവിലുള്ളത്. ഒ പി പ്രവർത്തിക്കുന്നത് മറ്റൊരു കെട്ടിടത്തിലാണ്. ആശുപത്രിയുടെ വികസനവും ദൈനം ദിന കാര്യങ്ങൾ വിലയിരുത്തുന്നതിനുമുള്ള വികസന സമതിയുടെ യോഗവും ഇവിടെ കൃത്യമായി ചേരുന്നില്ല എന്നും ആക്ഷേപമുണ്ട്. .അറക്കുളം,മൂലമറ്റം, പുത്തേട്, ഇലപ്പള്ളി, കുളമാവ് എന്നിവിടങ്ങളിലെ പാവപ്പെട്ട ജനങ്ങൾക്ക് ഉപകാര പ്രദമാകുന്ന രീതിയിൽ സ്ഥാപനത്തെ സജ്ജമാക്കണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.