തൊടുപുഴ: സൈക്കിളിൽ ഫായിസ് യാത്രയിലാണ്, ഒന്നും രണ്ടും ദിവസത്തേക്കല്ല, 450 ദിവസത്തേക്കുള്ള യാത്ര തുടരുകയാണ്. തിരുവനന്തപുരത്ത് നിന്ന് ലണ്ടനിലേക്കാണ്ആ യാത്ര. ഫായിസിന്റെ സൈക്കിൾ യാത്ര 2024 ൽ ലണ്ടൻ വീഥികളിലെത്തുകയുള്ളു. . കോഴിക്കോട് തലക്കളത്തൂർ കച്ചേരിവളപ്പിൽ ഫായിസ് എന്ന 35 കാരന്റെ രണ്ടാം രാജ്യാന്തര യാത്രയാണിത്. 2018 ൽ സൈക്കിൾ കയറ്റം പഠിച്ച ഫായിസ് 2019 ൽ സിംഗപ്പൂരിലേക്ക്. ഏഴ് രാജ്യങ്ങൾ കടന്ന് 8000 കിലോമീറ്റർ പിന്നിട്ട് 104 ദിവസം കൊണ്ട് സിംഗപ്പൂരിലെത്തിയിരുന്നു

. സ്വതന്ത്ര്യത്തിന്റെ 75ാം വാർഷിക നാളായിരുന്ന ആഗസ്റ്റ് 15 ന് തിരുവനന്തപുരത്തുനിന്ന് മന്ത്രി വി ശിവൻകുട്ടി ഫ്‌ളാഗ് ഒഫ് ചെയ്ത യാത്ര കൊല്ലവും പത്തനംതിട്ടയും ആലപ്പുഴയും പിന്നിട്ട് ഇന്നലെ കോട്ടയത്തെത്തി. അവിടെനിന്ന് വൈകിട്ട് തൊടുപുഴയിലെത്തി. തൊടുപുഴയിൽ മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജിന്റെ നേതൃത്വത്തിൽ ഫായിസിനെ സ്വീകരിച്ചു. ഇഭക്ഷണവും ഉറക്കസ്ഥലവും കണ്ടെത്തുന്നതൊക്കെ സന്നദ്ധ സംഘടനകളുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും സഹായത്തോടെയാണ്. നടക്കുന്നത്. സെപ്തംബർ 15 ഇന്ത്യ വിടുന്ന ഫായിസ് ഒമാനിലേക്കാണ് യാത്ര. ഇവിടെ നിന്ന് 35 രാജ്യങ്ങളിലൂടെ സൈക്കിൾ ചവിട്ടി ലണ്ടനിലേക്ക്. തലക്കളത്തുർ കച്ചേരിവളപ്പിലെ അഷ്‌റഫ് , ഫൗസിയ ദമ്പതികളുടെ മകനാണ് ഫായിസ്. അസ്മിൻ ആണ് ഭാര്യ. എൽ പി സ്‌കൂൾ വിദ്യാർത്ഥികളായ ഫസ്ഹിൻ, ഐസ്‌വിൻ എന്നിവർ മക്കൾ.