തൊടുപുഴ: ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാർ വാക്കു പാലിച്ചു എന്ന സി പി എമ്മിന്റെ അവകാശ വാദം എട്ടുകാലി മമ്മൂഞ്ഞിന്റെ വീൺവാക്കു പോലെയാണെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ് അശോകനും കൺവീനർ പ്രൊഫ. എം ജെ ജേക്കബ്ബും പ്രസ്താവിച്ചു.
ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാർ നടത്തിയ ഒളിച്ചുകളി ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. . ജനവാസ കേന്ദ്രങ്ങൾ ബഫർ സോണിൽ ഉൾപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് നിയമസഭക്ക് അകത്തും പുറത്തും ശക്തമായ പോരാട്ടം നടത്തുന്ന വി ഡി സതീശന് എതിരെ ഉന്നയിച്ച ആരോപണം രാഷ്ട്രീയ സദാചാര ബോധമുണ്ടെങ്കിൽ സി പി എം പിൻവലിക്കണം.
സംരക്ഷിത വനമേഖലക്കു ചുറ്റും പത്ത് കിലോമീറ്റർ വരെ ബഫർ സോൺ ആയി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹരിത ട്രീബ്യുണലിൽ ഹർജി ബോധിപ്പിച്ച കൃഷി മന്ത്രി പി പ്രസാദിനെ സംസ്ഥാന മന്ത്രസഭയിൽ നിന്നും പുറത്താക്കാൻ കൂട്ടാക്കാത്ത സി പി എമ്മിന് ബഫർ സോൺ വിഷയത്തിൽ കോൺഗ്രസ്സിനെതിരെ ശബ്ദിക്കാൻ അർഹതയില്ല.
സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ നേരിട്ട് റിവ്യു പെറ്റീഷൻ നൽകിയത് സുപ്രീം കോടതി വിധിയുടെ അന്തസക്തക്ക് നിരക്കാത്തതാണ്. സംസ്ഥാന സർക്കാർ നേരിട്ട് നൽകിയ പുന:പരിശോധന ഹർജി സുപ്രീം കോടതി തള്ളിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വഴിയൊരുങ്ങും. ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ഓരോ നിലപാടുകളും നീക്കങ്ങളും സംശയാസ്പദമാണ്. കേന്ദ്ര എംപവേർഡ് കമ്മിറ്റിയെ കൊണ്ട് സുപ്രീം കോടതിയിൽ പുന:പരിശോധന ഹർജി സമർപ്പിക്കാൻ സംസ്ഥാന സർക്കാർ സമ്മർദ്ദം ചെലുത്തണമെന്ന് യു ഡി എഫ് നേതാക്കൾ ആവശ്യപ്പെട്ടു.