തൊടുപുഴ: കഞ്ചാവും എയർ പിസ്റ്റളുമായി യുവാവിനെ പൊലീസ് പിടികൂടി.തൊടുപുഴ വെങ്ങല്ലൂർ ഇടത്തിപറമ്പിൽ അജ്മലാണ് (25) പിടിയിലായത്.1.100 കിലോ കഞ്ചാവാണ് ഇയാളിൽ നിന്ന് കണ്ടെത്തിയത്.ചെറിയ ഡിജിറ്റൽ ത്രാസ്,കഞ്ചാവ് ചൂടാക്കി വലിക്കുന്നതിനുള്ള ചില്ല് കുഴൽ,ഒരു ബൈക്ക് എന്നിവയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.മുട്ടം മലങ്കര അരുവിക്കുത്ത് വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്ന്‌ ഇന്നലെ ഉച്ചക്ക് 1.30 നാണ് പ്രതിയെ പിടികൂടിയത്.വാഹനത്തിൽ എത്തി കഞ്ചാവ് ചെറിയ പൊതികളാക്കി വിൽപ്പന നടത്തി വരുന്നയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. അജ്മലിനെതിരെ എക്സൈസിലും പൊലീസിലും കഞ്ചാവ് കേസുകൾ നിലവിലുണ്ട്.ഓണത്തോടനുബന്ധിച്ച് ഡി.ഐ.ജിയുടെ നിർദ്ദേശത്തെ തുടർന്നുള്ള സ്പെഷൽ ഡ്രൈവിൻ്റെ ഭാഗമായി തൊടുപുഴ ഡി വൈ എസ് പിയുടെ കീഴിൽ രൂപീകരിച്ച പ്രത്യേക സക്വാഡ് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടി കൂടിയത്.അരുവിക്കുത്ത് വെള്ളച്ചാട്ടം പരിസരങ്ങളിലുമായി സ്ഥിരമായി കഞ്ചാവ് മാഫിയ സംഘങ്ങൾ തമ്പടിക്കാറുണ്ടെന്ന് നാട്ടുകാരിൽ നിന്ന് പരാതിയുണ്ടായിരുന്നു.ഇതിൻ്റെ അടിസ്ഥാനത്തിൽ പ്രദേശം ഏതാനും നാളുകളായി പൊലീസിൻ്റെ നിരീക്ഷണത്തിലായിരുന്നു. മുട്ടം എസ്.ഐ വി.എ. അസീസ്, എ.എസ്.ഐമാരായ റ്റി.എം. ഷംസുദ്ദീൻ, ഉണ്ണികൃഷ്ണൻ, എസ്.സി.പി.ഒ സിനാജ്, മാഹിൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.