മൂലമറ്റം: അറക്കുളം സർക്കാർ ആശുപത്രിയുടെ ദുരവസ്ഥ പരിഹരിക്കാൻ അധികൃതർ നടപടികൾ സ്വീകരിക്കണമെന്ന് യുവമോർച്ച അവശ്യപ്പെട്ടു. എഴുപത് വർഷം പഴക്കമുള്ളതും, അറക്കുളം, വെള്ളിയാമറ്റം, കുടയത്തൂർ, ആലക്കോട് പഞ്ചായത്തുകളിലെ സാധാരണക്കാരുടെ ഏക ആശ്രയവുമായിരുന്ന അറക്കുളം സർക്കാർ ആശുപത്രിയുടെ ദുരവസ്ഥ പരിഹരിക്കാതെ സ്വകാര്യ ആശുപത്രികളെ സഹായിക്കുന്ന അറക്കുളം പഞ്ചായത്തിലെ ഇടത്-വലത് കൂട്ടുകക്ഷി ഭരണത്തിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് യുവമോർച്ചയുടെ നേതൃത്വത്തിൽ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുമെന്ന് നേതാക്കൾ പറഞ്ഞു.കൊവിഡിൻ്റെ പേരിൽ വർഷങ്ങൾക്ക് മുൻപ് നിർത്തിവച്ച കിടത്തി ചികിത്സ പുനരാരംഭിക്കുവാൻ പോലും കഴിഞ്ഞിട്ടില്ല.ആശുപത്രി കെട്ടിടം ചോർന്നൊലിച്ച് അപകടാവസ്ഥയിലാണ്. ഇക്കാര്യങ്ങൾ യുവമോർച്ച ഡി എം ഒയെ അറിയിച്ചിരുന്നു.ഇതേ തുടർന്ന് ഡി ഡിഎം ഒ യുടെ ഇടപെടലിൽ പഞ്ചായത്ത് ഭരണാധികാരികൾ മുഖം രക്ഷിക്കാൻ ഒരു പടുതവാങ്ങി മൂടുക മാത്രമാണ് ചെയ്തിട്ടുള്ളത്.പിന്നാക്ക ജില്ല ആയതിനാൽ കേന്ദ്ര സർക്കാർ നാഷണൽ റൂറൽ ഹെൽത്ത് മിഷൻ, നാഷണൽ അർബൽ ഹെൽത്ത് മിഷൻ എന്നീ പദ്ധതികളിൽ ഇടുക്കിക്ക് കോടിക്കണക്കിന് രൂപയാണ് നൽകിയത്. ഇടുക്കിയിലെ ബഹു ഭൂരിപക്ഷം പഞ്ചായത്തുകളും പുതിയ പദ്ധതികൾ തയ്യാറാക്കി നൽകി ഫണ്ടുകൾ ലഭ്യമാക്കുകയും, ആശുപത്രികൾ ആധുനീകവൽക്കരിക്കുകയും ചെയ്തു. ആശുപത്രിയിലെ മരങ്ങൾ വെട്ടി വഴിയിൽ തള്ളിയിട്ട് 5 മാസക്കാലമായി. അത് മാറ്റാൻ പോലും ഭരണാധികാരികൾക്ക് കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് ആശുപത്രിക്ക് മുൻപിൽ നാളെ ഉച്ചകഴിഞ്ഞ് പ്രതിഷേധ ധർണ്ണ നടത്തുന്നതെന്നും യുവമോർച്ച നേതാക്കൾ പറഞ്ഞു.