കട്ടപ്പന:ഹോട്ടലിൽ നിന്നും പാർസൽ വാങ്ങിയ ഭക്ഷണത്തിൽ പുഴുവും ചത്ത പാറ്റയും.കട്ടപ്പന മാർക്കറ്റ് ജങ്ഷനിൽ പ്രവർത്തിക്കുന്ന സിറ്റി ഹോട്ടലിൽ നിന്നും വാങ്ങിയ സാമ്പാർ കറിയിലാണ് പുഴുവിനെയും പാറ്റയെയും കണ്ടെത്തിയത്.
മേട്ടുക്കുഴി സ്വദേശിയായ ലിസിയെന്ന വീട്ടമ്മ ഞായറാഴ്ച രാവിലെയാണ് 10 പൊറോട്ടയും,സാമ്പാറും പാർസൽ വാങ്ങിയത്.തുടർന്ന് വീട്ടിലെത്തി രണ്ടും മൂന്നും വയസ്സുള്ള കൊച്ചുമക്കൾക്കൊപ്പം ഭക്ഷണം കഴിച്ചു തുടങ്ങിയപ്പോൾ സാമ്പാറിൽ ചത്ത പുഴു കിടക്കുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു.വീണ്ടും പരിശോധിച്ചപ്പോൾ പാറ്റയെയും കണ്ടെത്തി.സാമ്പാർ കഴിച്ച കുടുംബാംഗങ്ങളിൽ ഒരാൾക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു.സംഭവത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പിന് പരാതി നൽകാണ് വീട്ടമ്മയുടെ തീരുമാനം.ഏതാനും നാളുകൾക്ക് മുൻപും ഇതേ ഹോട്ടലിൽ നിന്നും ചത്ത പാറ്റ അടങ്ങിയ ഭക്ഷണം ലഭിച്ചിട്ടുണ്ടെന്നും വീട്ടമ്മ പറഞ്ഞു.അടുത്തിടെ കട്ടപ്പന നഗരസഭയിലെ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തിരുന്നു.എന്നാൽ ഇത് ആദ്യമായിട്ടാണ് ഭക്ഷണത്തിൽ പുഴുവിനെയും ചത്ത പാറ്റയെയും കണ്ടെത്തുന്നത്.