പീരുമേട്:തേക്കടിയുടെ ടൂറിസം സാദ്ധ്യതകൾക്ക് കരുത്ത് പകരാൻ ചിപ്‌സാൻ ഏവിയേഷൻ ഹെലി ടാക്‌സി സർവ്വീസ് ആരംഭിക്കും. . ഇടുക്കിയുടെ മലനിരകളുടെയും, കാനന ഭംഗിയും സൗന്ദര്യവും അപ്പാടെ നുകരാനും വിനോദ സഞ്ചാര മേഖലയിൽ പുത്തൻ ഉണർവ് നൽകാനും ഉതകുന്നരീതിയിലാണ് ഹെലി ടാക്‌സി സർവ്വീസ് തേക്കടിയിൽ ആരംഭിക്കുന്നത്. മൂന്നാർ, തേക്കടി, പരുന്തുംപാറ, വാഗമൺ, പാഞ്ചാലിമേട്, അരുവിക്കുഴി, ഒട്ടകത്തലമേട്, കാൽവരിമൗണ്ട്, അഞ്ചുരുളി, തുടങ്ങി നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളെ കോർത്തിണക്കി ഒരു ടൂറിസം സർക്യൂട്ട് രൂപീകരിച്ച് ഹെലി ടാക്‌സി സർവ്വീസ് എന്ന ആശയമാണ് ഉയർന്നുവരുന്നത്.
ആറ് പേർക്ക് യാത്ര ചെയ്യാൻ പറ്റുന്ന ഹെലിക്കോപ്ടറുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ടൂറിസം ഉപയോഗത്തിന് മാത്രമല്ല അടിയന്തര ഘട്ടങ്ങളിൽ ചികിത്സാ സഹായത്തിനും അതിന്റെ ഭാഗമായുള്ള അവയവ ട്രാൻസ്‌പോർട്ടേഷനുമൊക്കെ ഇത് വളരെ പ്രയോജനപ്പെടും. ചിപ്‌സാൻ ഏവിയേഷൻ കമ്പനി ആണ് പുതിയ ദൗത്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഇന്ത്യൻ എയർഫോർസ് റിട്ട.ഉദ്യോഗസ്ഥനായ സുനിൽ നാരായണന്റെ ഉടമസ്ഥതിയിലുള്ള ഹെലിക്കോപ്ടറുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. നിലവിൽ ഡറാഡൂണിൽ നിന്ന് ബദ്രിനാഥിലേക്കും കേദാർനാദിലേക്കുമൊക്കെ ഹെലി ടാക്‌സി സർവ്വീസ് നടത്തുന്ന ഈ കമ്പനി അവിടെ വലിയ വിജയമാണ് കൈവരിച്ചിരിക്കുന്നത്. തേക്കടിയിൽ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നിരവധി സംഘടനകളുടെ ഭാരവാഹികളുമായും ജനപ്രതിനിധികളുമായും നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ചിപ്‌സാൻ ഏവിയേഷൻ പ്രൊപ്രൈറ്റർ സുനിൽ നാരായണൻ ഇക്കാര്യം അറിയിച്ചത്. സീസണിന്റെ തുടക്കമെന്നോണം സെപ്തംബർ 10 ന് മുമ്പായി പരീക്ഷണാടിസ്ഥാനത്തിൽ ഹെലി ടാക്‌സി ആരംഭിക്കാനാണ് പദ്ധതി.