തൊടുപുഴ:ഓണം കളർഫുള്ളാക്കണമെങ്കിൽ ഓണക്കോടികളുടെ വിവിധ വെറൈറ്റികൾ വിപണിയിലെത്തണം. പുത്തൻ കോടിയുടുത്ത് പുറത്തിറങ്ങി ഓണത്തിന്റെ ആരവങ്ങളിൽ മുഴുകാനുള്ള അവസരം നൽകാതിരുന്ന രണ്ട് ഓണക്കാലങ്ങളുടെ കണക്ക് തീർക്കുംവിധമാണ് ഇപ്പോൾ വിപണിയെ സജങ്ങവമാക്കി വസ്ത്രങ്ങൾ എത്തുന്നത്. , ചിങ്ങം ഒന്നിന് തന്നെ അതിന്റെ ആദ്യ സൂചനകൾ നൽകിക്കഴിഞ്ഞു. നവീന ഫാഷനുകളിലെ സ്റ്റോക്കുകൾ വസ്ത്ര വ്യാപാരശാലകളിൽ എത്തിക്കഴിഞ്ഞു. ചിങ്ങം പിറന്നതിനുശേഷം കച്ചവടത്തിലും വർദ്ധനവുണ്ടായി.
ഓണപ്പരീക്ഷ കഴിഞ്ഞ് കുട്ടികൾ അവധിയിലേക്ക് കടക്കുന്നതോടെയാവും കുടുംബമായുള്ള ഷോപ്പിംഗ് ആരംഭിക്കുക. വസ്ത്രവിപണിയിൽ 50 ശതമാനത്തിലേറെ വിൽപ്പന നടക്കുന്നത് ഓണക്കാലത്താണെന്ന് വ്യാപാരികൾ പറയുന്നു. ഓണവിപണിയിലെ തിരക്ക് സെപ്തംബർ പകുതി വരെ നീളും. വൻകിട സ്ഥാപനങ്ങളിൽ ഉപഭോക്താക്കളെ ആകർഷിക്കാനായി വിവിധ ഓഫറുകളും ഒരുക്കിയിട്ടുണ്ട്. കസവ് വസ്ത്രങ്ങൾക്കാണ് ഓണക്കാലത്ത്. ഡിമാൻഡ് കൂടുതൽ.
വിവിധ സ്ഥാപനങ്ങളിൽ നിന്ന് ഒരേതരം വസ്ത്രങ്ങൾക്കുള്ള ഓർഡറുകൾ വന്നു തുടങ്ങിയതായി വ്യാപാരികൾ പറയുന്നു. കോളേജുകളിലെയും ഓഫീസുകളിലെയും ഓണാഘോഷങ്ങളിൽ മുണ്ടിന് 'ലുക്ക്' കൂട്ടുന്ന കോട്ടൺ കുർത്തകൾക്ക് ഡിമാൻഡ് ഏറെയാണ്.
പുത്തൻ ട്രെൻഡിൽ
ഇത്തവണ കസവു സാരിയിൽ വിവിധ ട്രെൻഡുകളുണ്ട്. കരയിൽ മുത്തുകൾ പിടിപ്പിച്ചതും കരയും കസവും കൂടിയതും കസവിൽ പ്രിന്റ് വർക്കുകൾ നിറഞ്ഞതും പുതിയ രീതിയാണ്. പഴയ ഒറ്റക്കര കസവ് ബോർഡറുകൾ ഫാഷൻ ലോകത്ത് നിന്ന് വിടവാങ്ങി. 750 മുതൽ 20,000 രൂപ വരെയുള്ള കസവ് സാരികളാണ് പുതുമുഖം. മ്യൂറൽ ചിത്രങ്ങൾ ഓണക്കാലത്ത് ഷർട്ടുകളിലെ താരമാണ്. കസവുമുണ്ടിനൊപ്പം വെള്ള ഷർട്ടിലേക്കും മ്യൂറലുകൾ കടന്നിട്ടുണ്ട്. ഷർട്ടിൽ മ്യൂറൽ ചിത്രം വരച്ചെടുക്കാൻ 1000 രൂപ കൂടുതൽ നൽകണം. ശരാശരി 2000 രൂപയാണ് കൈകൊണ്ടു മ്യൂറൽ പെയിന്റ് ചെയ്യുന്ന ഷർട്ടിനു വില. ഷർട്ടിൽ മാത്രമല്ല 1200 മുതൽ 5000 രൂപവരെ വരുന്ന പ്രിന്റഡ് സാരികളിലും മ്യൂറലുകൾ ചെയ്യുന്നുണ്ട്. 600 രൂപ മുതലുള്ള റെഡിമെയ്ഡ് കസവ് പട്ടുപാവാടകളും ലഭ്യമാണ്.