തൊടുപുഴ: ലഹരി വസ്തുക്കളുടെ ഉപയോഗവും കച്ചവടവും പൂർണ്ണമായും ഇല്ലാതാക്കാൻ എക്സൈസ്, പൊലീസ് അധികൃതർ ജാഗ്രതയോടെരംഗത്തുണ്ടെങ്കിലും പുതിയ കേസുകൾ വന്നുകൊണ്ടേയിരിക്കുന്നു..ഹൈറേഞ്ച്, ലോറേഞ്ച് എന്നിങ്ങനെ വ്യത്യാസം ഇല്ലാതെ ജില്ലയുടെ വിവിധ മേഖലകളിൽ അധികൃതർ ലഹരി വേട്ടകൾ നടത്തി പ്രതികളെ പിടി കൂടുന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ടെങ്കിലും അതുക്കും മേലെയാണ് ഇടപാടുകൾ.കച്ചവടത്തിന് വേണ്ടി കൊണ്ടുവന്ന 3.6 ഗ്രാം എം ഡി എം എയും 20 ഗ്രാം കഞ്ചാവുമായി ഇടുക്കി പൊലീസ് ക്യാമ്പിലെ ഉദ്യോസ്ഥനേയും കൂട്ടാളിയേയും മുതലക്കോടത്തിന് സമീപം വെച്ച് കഴിഞ്ഞ ദിവസം തൊടുപുഴ എക്സൈസ് സംഘം പിടി കൂടിയ വാർത്ത ഞെട്ടലോടെയാണ് ജനങ്ങൾ വീക്ഷിച്ചത്.ഇതിന്റെ പിന്നാലെയാണ് ഇന്നലെ മലങ്കര അരുവികുത്ത് ഭാഗത്ത് നിന്ന് 1.100 കിലോഗ്രാം കഞ്ചാവും എയർ പിസ്റ്റളുമായി യുവാവ് പൊലീസ് പിടിയിലായത്.നിയമ സംവിധാനങ്ങളെയെല്ലാം നോക്കുകുത്തിയാക്കി അടുത്തടുത്ത ദിവസങ്ങളിലായി ഈ രണ്ട് സംഭവങ്ങളും നടന്നത് തൊടുപുഴ നഗരത്തിന് സമീപത്തുള്ള പ്രദേശങ്ങളിലുമാണ്.കഞ്ചാവും വാറ്റും ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഹബ്ബായി തൊടുപുഴയും സമീപ പ്രദേശങ്ങളും മാറി എന്നതിന്റെ ഏറ്റവും വലിയ തെളിവുകളാണ് ഈ രണ്ട് സംഭവങ്ങളും.

ലക്ഷ്യം വിദ്യാർത്ഥികൾ.....

തൊടുപുഴ നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള വിവിധ സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമാക്കി ലഹരി വസ്തുക്കളുടെ ഏജന്റുമാർ പ്രവർത്തിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പെൺ കുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെ മോഹന വാഗ്ദാനങ്ങൾ നൽകി വശീകരിച്ച് ഇതിന്റെ കണ്ണികൾ ആക്കിയിരുന്നു.ഇത് സംബന്ധിച്ചുള്ള വാർത്തകളെ തുടർന്ന് എക്സൈസ്, പൊലീസ് നടത്തിയ പരിശോധനയിൽ നിരവധി ആളുകളിൽ നിന്ന് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ പിടി കൂടിയിരുന്നു.ചില വിദ്യാഭ്യാസ സ്ഥാപനങ്ങളെ രക്ഷിക്കാൻ 'ഉന്നത കേന്ദ്രങ്ങളിൽ' നിന്ന് ഇടപെടൽ ഉണ്ടായതിനെ തുടർന്ന് സംഭവങ്ങൾ പുറം ലോകം അറിഞ്ഞതുമില്ല.ചില സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ വിദൂര ജില്ലകളിൽ നിന്ന് എത്തിയാണ് തൊടുപുഴയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നത്.ഇവർ ചെയ്ത് കൂട്ടുന്ന കാര്യങ്ങൾ രക്ഷിതാക്കൾ അറിയില്ല എന്നതിനാൽ ഇത്തരം അപകടകരമായ കണ്ണികളിലേക്ക് വിദ്യാർത്ഥികൾ കൂട്ടത്തോടെ അകപ്പെടുന്നുമുണ്ട്.

ബസ്സുകളിൽ ലഹരി

പറക്കുന്നു....

ഹൈറേഞ്ചിൽ നിന്ന് തൊടുപുഴയിലേക്ക് എത്തുന്ന സ്വകാര്യ - കെ എസ് ആർ ടി സി ബസുകളിൽ ലഹരി വസ്തുക്കൾ വ്യാപകമായി തൊടുപുഴയിലേക്ക് എത്തുന്നതായും പറയപ്പെടുന്നു.എന്നാൽ ലഹരികടത്ത് സംബന്ധിച്ച് സൂചനകൾ ലഭിച്ചാൽ മാത്രമേ പരിശോധന ഫലപ്രദമാകൂ. വെറുതെ പരിശോധന നടത്തിയാൽ അത് യാത്രക്കാരുടെ എതിർപ്പിന് ഇടവരുത്തും എന്നതിനാൽ കാടടച്ചുള്ള പരിശോധന നടക്കാറില്ല.