തൊടുപുഴ: ഓണത്തിന് പൊതുജനങ്ങൾക്ക് സർക്കാർവിതരണം ചെയ്യുന്ന ഓണക്കിറ്റിന്റെ ജില്ലാതല വിതരണോദ്ഘാടനം ഇന്ന് നടക്കും.നാളെ മുതൽ വിവിധ റേഷൻകടകൾവഴി കിറ്റുകൾ വീടുകളിലെത്തും. , വിവിധ പാക്കിംഗ് കേന്ദ്രങ്ങളിലായി കിറ്റ് തയ്യാറാക്കൽ അതിവേഗം പുരോഗമിക്കുകയാണ്.. 681 റേഷൻ കടകളിലായി 385000. ഉപഭോക്താക്കൾക്കാണ് ഓണക്കിറ്റ് ലഭിക്കുക. . 23, 24 തീയതികളിൽ എ.എ.വൈ (മഞ്ഞ) കാർഡ് ഉടമകൾക്കും 25, 26, 27 തീയതികളിൽ പി.എച്ച്.എച്ച് (പിങ്ക്) കാർഡുകാർക്കും 29, 30, 31 തീയതികളിൽ എൻ.പി.എസ് (നീല) കാർഡുകാർക്കും സെപ്തംബർ 1, 2, 3 തീയതികളിൽ എൻ.പി.എൻ.എസ് (വെള്ള) കാർഡുടമകൾക്കും റേഷൻ കടകളിൽ നിന്ന് കിറ്റ് വാങ്ങാം.

ഈ ദിവസങ്ങളിൽ വാങ്ങാൻ കഴിയാത്തവർക്ക് സെപ്തംബർ 4 മുതൽ 7 വരെ വാങ്ങാം.

ഇന്ന് 4 ന് മുഖ്യമന്ത്രി സംസ്ഥാന തലത്തിലുള്ള ഉദ്ഘാടനം നിർവഹിക്കും. അതിന് ശേഷം 4.30 ന് ഇടുക്കി കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ജില്ലാ തലത്തിലുള്ള ഉദ്ഘാടനം നിർവഹിക്കും.

14 ഇനങ്ങൾ

തുണിസഞ്ചി ഉൾപ്പെടെ 14 ഇനങ്ങളാണ് കിറ്റിലുള്ളത്. ഒരു കിലോ വീതം പഞ്ചസാര, പൊടിയുപ്പ്, 500 മില്ലി വെളിച്ചെണ്ണ, 500 ഗ്രാം വീതം ഉണക്കലരി, ചെറുപയർ, 250 ഗ്രാം തുവരപരിപ്പ്, 100 ഗ്രാം വീതം മുളക്‌പൊടി, മഞ്ഞൾപ്പൊടി, തേയില, ശർക്കരവരട്ടി /ചിപ്‌സ്, 50 ഗ്രാം വീതം കശുവണ്ടിപ്പരിപ്പ്, നെയ്യ്, 20 ഗ്രാം ഏലക്ക എന്നിവയാണ് കിറ്റിലുൾപ്പെട്ട സാധനങ്ങൾ.