തൊടുപുഴ: നിരോധിത മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി പൊലീസ് അസോസിയേഷൻ നേതാവും ഇടുക്കി എ.ആർ.ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനുമായ മുതലക്കോടം മുണ്ടയ്ക്കൽ എം.ജെ. ഷാനവാസി(33)നെ സഹായി കുമാരമംഗലം കുന്നത്ത് ഷംനാസ് കെ.ഷാജി (33) യെയും പിടി കൂടിയ സംഭവത്തിൽ എക്‌സൈസ് കൂടുതൽ അന്വേഷണം നടത്തും. തൊടുപുഴ എക്‌സൈസ് സംഘം ശനിയാഴ്ച മുതലക്കോടത്തു നിന്നുമാണ് ഇവരിൽ നിന്നും 3.6 ഗ്രാം എംഡിഎംഎയും 20 ഗ്രാം ഉണക്ക കഞ്ചാവും ഒരു കാറും ബൈക്കും പിടിച്ചെടുത്തത്. ലഹരി ഇടപാടുകൾ നടക്കുന്നതായി രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. ഇന്നലെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ പ്രതികളെ അടുത്ത മാസം മൂന്നു വരെ റിമാൻഡ് ചെയ്തു.
പ്രതികൾക്ക് ലഹരിമരുന്ന് ലഭിച്ച ഉറവിടത്തെ സംബന്ധിച്ചാണ് എക്‌സൈസ് വിശദമായ അന്വേഷണം ആരംഭിച്ചത്. എന്നാൽ അന്വേഷണത്തെ വഴി തിരിച്ചു വിടാനാണ് പ്രതികൾ ശ്രമിച്ചത്. വണ്ണപ്പുറം സ്വദേശിയാണ് ലഹരിമരുന്ന് കൈമാറിയതെന്നാണ് പ്രതികൾ ആദ്യം പറഞ്ഞത്. ഇവർ നൽകിയ ഫോൺ നമ്പരിൽ എക്‌സൈസ് ഉദ്യോഗസ്ഥർ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇത് സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. പിന്നീട് എറണാകുളം സ്വദേശിയായ മെഡിക്കൽ റെപ്രസന്റീവാണ് നൽകിയതെന്ന് പറഞ്ഞെങ്കിലും ഇതും തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. എന്നാൽ പിടിയിലായ ഷംനത്ത് കെ. ഷാജി നേരത്തെ എറണാകുളത്ത് മയക്കുമരുന്ന് ഇടപാടുകൾ നടത്തിയിരുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. പോലീസുകാരനായ പ്രതി നേരത്തെ മയക്കുമരുന്ന് ഇടപാടുകൾ നടത്തിയിരുന്നോയെന്ന് വിശദമായി അന്വേഷിക്കുമെന്ന് എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണർ സലിം പറഞ്ഞു.