നെടുങ്കണ്ടം: ചാറൽമേട്ടിൽ അയൽവാസികൾ സംരക്ഷിച്ചുപോന്ന മനോവൈകല്യമുള്ള യുവാവിനെ നെടുങ്കണ്ടം അസീസി സ്‌നേഹാശ്രമത്തിലേക്ക് മാറ്റി. നെടുങ്കണ്ടം പഞ്ചായത്തംഗങ്ങളും ജനമൈത്രി പൊലീസും അയൽവാസികളും ചേർന്നാണ് മാന്തുരുത്തേൽ മനീഷിനെ(37) സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്. സ്വന്തക്കാരും കുടുംബാംഗങ്ങളും ഉപേക്ഷിച്ചതോടെ മനോവൈകല്യമുള്ള മനീഷ് വീട്ടിൽ ഏകനായാണ് കഴിഞ്ഞിരുന്നത്. അയൽവാസികളാണ് ഇയാളെ വർഷങ്ങളായി സംരക്ഷിച്ചുപോന്നിരുന്നത്. ഓർമ്മകൾ നഷ്ടപ്പെട്ട് സംസാരിക്കാൻ പോലും ആവാത്ത അവസ്ഥയിലായ ഇയാൾക്ക് ഭക്ഷണം എത്തിച്ചുനൽകുന്നതും കുളിപ്പിക്കുന്നതും വസ്ത്രം ധരിപ്പിക്കുന്നതുമെല്ലാം അയൽക്കാരായിരുന്നു. കുറച്ചുനാളുകളായി അടുത്ത് ആരുമില്ലെങ്കിൽ മനീഷ് എങ്ങോട്ടെന്നില്ലാതെ ഇറങ്ങിപ്പോകുമായിരുന്നു. ഇയാൾ ഓടിപ്പോകാതിരിക്കാൻ വീടിനുള്ളിൽ പുറത്തുനിന്നും അടച്ചിട്ടിരിക്കുകയായിരുന്നു. സമീപത്ത് താമസിക്കുന്നവർ കൂലിപ്പണിയും മറ്റും ചെയ്ത് കുടുംബം പുലർത്തുന്നവരാണ്. അതിനാൽതന്നെ എപ്പോഴും മനീഷിനെ ശ്രദ്ധിക്കാൻ കഴിയാറില്ലായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജീഷ് മുതുകുന്നേൽ, മെമ്പർ സുരേഷ് പള്ളിയാടി, ജനമൈത്രി പൊലീസ് ഓഫീസർ ഷാനു എൻ വാഹിദ്, അയൽക്കാരായ വിജയമ്മ സുകുമാരൻ, അരുൺ അമ്പാടി എന്നിവർ ചേർന്ന് മനീഷിനെ ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ സൈക്കാട്രിസ്റ്റിനെ കാണിച്ചു. ചികിത്സിച്ച് ഭേദമാക്കാവുന്ന മാനസികാസ്വാസ്ഥ്യം മാത്രമേ മനീഷിന് ഉള്ളു എന്നാണ് ഡോക്ടർമാർ പറഞ്ഞത്. തുടർന്ന് നെടുങ്കണ്ടത്തെ അസീസി സ്‌നേഹാശ്രമത്തിൽ എത്തിക്കുകയായിരുന്നു. മനീഷിന്റെ സംരക്ഷണവും തുടർ ചികിത്സകളും ആശ്രമം ഏറ്റെടുത്തു.