തൊടുപുഴ:ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവ സംഘാടക സമിതിയുടെ നേതൃത്വത്തിൽ ജില്ലാ പുസ്തകോത്സവം തൊടുപുഴ ഇ.എ.പി ഹാളിൽ 24,25,26 തിയതികളിൽ നടക്കും. 24ന് രാവിലെ 10 ന് സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ:കെ.വി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിക്കും. വായന മത്സര വിജയികൾക്കുള്ള സമ്മാനദാനം തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് നിർവ്വഹിക്കും. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ്കമ്മറ്റി അംഗം കെ.എം ബാബു മുഖ്യ പ്രഭാഷണം നടത്തും. പുസ്തകോത്സവ സംഘാടക സമിതി രക്ഷാധികാരി ആർ. തിലകൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് കെ.ആർ രമണൻ, ദേവികുളം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.എൻ ചെല്ലപ്പൻ നായർ, ഇടുക്കി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബെന്നി മാത്യൂ, പീരുമേട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.എൻ മോഹനൻ, തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോർജ്ജ് അഗസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിക്കും. സ്വാഗതസംഘം കണവീനർ ഇ.ജി സത്യൻ സ്വാഗതവും തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ സുകുമാരൻ നന്ദിയും പറയും. വൈകിട്ട് 4 ന് കവിയരങ്ങും 6 ന് ഷോർട്ട് ഫിലിം പ്രദർശനവും നടക്കും. 25 ന് രാവിലെ 11 ന് സാഹിത്യക്വിസ് നടക്കും. ജോസ് കോനാട്ട് ക്വിസ് മാസ്റ്ററാകും. ഉച്ചകഴിഞ്ഞ് 3 ന് നാടൻപാട്ട് അവതരിപ്പിക്കും. 4 ന് സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം പി.കെ ഗോപൻ പ്രഭാഷണം നടത്തും. 6ന് കളേഴ്‌സ് മ്യൂസിക്കൽ ബാൻഡ് ന്റെ കരോക്കെ ഗാനമേള നടക്കും. മേളയിൽ എല്ലാ മലയാള പുസ്തകങ്ങൾക്കും കുറഞ്ഞത് 33.33ശതമാനവും ഇംഗ്ലീഷ് പുസ്തകങ്ങൾക്ക് 20ശതമാനവും ഡിസ്‌കൗണ്ട് നൽകുമെന്ന് സ്വാഗതസംഘം ചെയർമാൻ കെ. എം. ബാബു, കൺവീനർ ഇ.ജി സത്യൻ , താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ സുകുമാരൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.