കട്ടപ്പന:ഹോട്ടലിൽ നിന്നും പാർസൽ വാങ്ങിയ ഭക്ഷണത്തിൽ പുഴുവും ചത്ത പാറ്റയും കണ്ടെത്തിയ സംഭവത്തിൽ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷ വകുപ്പ്.ഹോട്ടലിൽ തിങ്കളാഴ്ച നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ അന്തരീക്ഷമാണെന്ന് വ്യക്തമായതോടെ ഹോട്ടൽ പൂട്ടിച്ചു.അടുക്കള ഉൾപ്പടെയുള്ള ഇടങ്ങളിൽ ഭക്ഷണം സൂക്ഷിക്കുന്നത് വൃത്തിയോടെയല്ലെന്ന് കണ്ടെത്തി.കട്ടപ്പന മാർക്കറ്റിനുള്ളിൽ പ്രവർത്തിക്കുന്ന സിറ്റി ഹോട്ടലിൽ നിന്നും ഞായറാഴ്ച മേട്ടുക്കുഴി സ്വാദേശിയായ വീട്ടമ്മ പൊറോട്ടയ്‌ക്കൊപ്പം വാങ്ങിയ സാമ്പാർ കറിയിലാണ് പുഴുവിനെയും പാറ്റയെയും കണ്ടെത്തിയത്.വീട്ടിലെത്തി രണ്ടും മൂന്നും വയസ്സുള്ള കൊച്ചുമക്കൾക്കൊപ്പം ഭക്ഷണം കഴിച്ചു തുടങ്ങിയപ്പോൾ സാമ്പാറിൽ ചത്ത പുഴു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.വീണ്ടും പരിശോധിച്ചപ്പോഴാണ് ചത്ത പാറ്റയെയും കണ്ടെത്തിയത്.സാമ്പാർ കഴിച്ച കുടുംബാംഗങ്ങളിൽ ഒരാൾക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തു.ഇതേ തുടർന്നാണ് കുടുംബം ഭക്ഷ്യ സുരക്ഷ വകുപ്പിന് ഇമെയിൽ സന്ദേശമായി പരാതി നൽകിയത്.പരാതിയുടെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷ ഓഫീസർ ആൻമേരി ജോൺസനും സംഘവുമെത്തിയാണ് ഹോട്ടലിൽ പരിശോധന നടത്തിയത്.കണ്ടെത്തിയ അപാകതകൾ പരിഹരിച്ചെങ്കിൽ മാത്രമേ ഹോട്ടൽ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുകയുള്ളുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

• ഭക്ഷ്യധാന്യങ്ങൾ വഴിയരികിൽ തുറന്നു വച്ച് വിൽപ്പന: പലചരക്ക് കടയ്ക്ക് താക്കീത്


മാർക്കറ്റിനുള്ളിൽ റോഡിലേക്ക് ഇറക്കിവെച്ച് ചക്കിനുള്ളിൽ തുറന്ന നിലയിൽ ഭക്ഷ്യ ധാന്യങ്ങൾ വിൽപ്പന നടത്തിയ പലചരക്ക് കടയ്ക്കും ഭക്ഷ്യസുരക്ഷ താക്കീത് നൽകി.വിവിധ ഇനം അരി ഉൾപ്പടെയുള്ളവയാണ് വൃത്തിയില്ലാത്ത രീതിയിൽ വിൽപ്പന നടത്തുവാൻ ശ്രമിച്ചത്.പക്ഷി കാഷ്ഠം ഉൾപ്പടെ ഭക്ഷ്യ ധാന്യങ്ങളിൽ വീഴുന്നതായി കണ്ടെത്തി.റോഡിലേക്ക് ഇറക്കിവെച്ചിരുന്ന സാധനങ്ങൾ അവിടെ നിന്നും നീക്കം ചെയ്യിപ്പിച്ച ശേഷമാണ് ഉദ്യോഗസ്ഥർ മടങ്ങിയത്.