തൊടുപുഴ: തൊടുപുഴയെന്താ ലഹരിക്കച്ചവടക്കാരുടെ താവളമോ.... കഴിഞ്ഞ ഏതാനും ദിവസമായി നിരോധിത ലഹരിമരുന്നുകൾ തൊടുപുഴ നഗരത്തിലും സമീപപ്രദേശങ്ങളിൽനിന്നുമായി പിടികൂടുന്ന വാർത്തകളേ കേൾക്കാനുള്ളളു. പിടിച്ചതിലും എത്രയോ ഇരട്ടിയായിരിക്കും ആരും അറിയാതെ കച്ചവടംനടത്തിയിട്ടുണ്ടാവുക. കഴിഞ്ഞ ദിവസങ്ങളിലായി തൊടുപുഴ കേന്ദ്രീകരിച്ച് നടക്കുന്ന നാലാമത്തെ ലഹരി വേട്ടയാണ് ഇന്നലെ നടന്നത്. അതും ഒരു ഇരുപത്തിരണ്ടുകാരിയും ഇരുപത്തിയഞ്ചുകാരനും ഭാര്യാഭർത്താക്കക്ൻമാരെപ്പോലെവന്ന് ലോഡ്ജിൽ ദിവസങ്ങളോളം താമസിച്ച് പലവട്ടം ലഹരികച്ചവടം നടത്തി ഒടുവിൽ കുടുങ്ങുകയായിരുന്നു. . അന്തർ സംസ്ഥാന ലഹരി മാഫിയയുടെ കേന്ദ്രമായി തൊടുപുഴ മാറിയതായി ഇപ്പോൾ പൊലീസ് പോലും ശരി വയ്ക്കുംവിധം കാര്യങ്ങൾ എത്തിയിരിക്കുകയാണ്.. വരും ദിവസങ്ങളിൽ കൂടുതൽ സംഭവങ്ങൾ പുറത്ത് വരുമെന്നാണ് പൊലീസ് നൽകുന്ന സൂചന.സ്ത്രീകളെ മറയാക്കിയുള്ള മയക്ക് മരുന്ന് കച്ചവട തന്ത്രമാണ് ഇപ്പോൾ പിടിയിലായ യൂനസ് റസാക്ക് അക്ഷയ ഷാജി എന്ന യുവതിയെ ഉപയോഗിച്ച് നടത്തിയതെങ്കിൽ ഇത്തരക്കാരെ പിടികൂടേണ്ട പൊലീസുകാരൻ തന്നെ പ്രതിയായ കേസാണ് കഴിഞ്ഞ ദിവസം ഉണ്ടായത്.
കലാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് ലഹരി എത്തിക്കുന്ന അന്തർ സംസ്ഥാന സംഘത്തിലെ കണ്ണികൾ ഇവിടെ തമ്പടിക്കുന്നതായും ഇനി ഒരുവിട്ടുവീഴ്ച്ചയും ഉണ്ടാവില്ല , അടിച്ചൊതുക്കും എന്ന ദൃഡ നിശ്ഛയത്തിലാണ് പൊലീസ്. കഴിഞ്ഞ ദിവസങ്ങളിലായി പിടികൂടിയവരിൽനിന്നും ലഭിക്കുന്ന ചില സൂചനകൾ പൊലീസിനും എക്സൈസിനും ലഹരിമാഫിയകളുടെ കണ്ണികളെക്കുറിച്ച് ചില വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ലഹരിക്കച്ചവടത്തിന് ചുക്കാൻ പിടിക്കുന്ന വമ്പൻ സ്രാവുകൾ വലയിൽ കുടുങ്ങുമെന്നാണ് ലഭിക്കുന്ന സൂചനകൾ.
പൊലീസിലും വരും
ശുദ്ധീകരണം
തൊടുപുഴ: നിരോധിത ലഹരി മരുന്നായ എം ഡി എം എ കടത്ത് കേസിലെ പ്രതി ഇടുക്കി എ ആർ ക്യാമ്പിലെ പൊലീസുകാരനായ എം ജെ ഷാനവാസിന് എതിരായി ജില്ലാ പൊലീസ് അസോസിയേഷൻ ഇത് വരെ നടപടികൾ സ്വീകരിച്ചട്ടില്ല. സംഭവത്തിന് ശേഷം അസോസിയേഷന്റെ യോഗം ചേരാത്തതിനെ തുടർന്നാണ് നടപടികൾ സ്വീകരിക്കാത്തതെന്നാണ് വിവരം.പതിവായി ചേരുന്ന അസോസിയേഷൻ യോഗം ജില്ലാ പൊലീസ് മേധാവിയുടെ അനുമതി പ്രകാരം ഈ ആഴ്ച്ചയിൽ ചേരുമെന്നും അസോസിയേഷൻ അംഗം പ്രതിയായ സംഭവം ചർച്ച ചെയ്യുമെന്നും ഇതുമായി ബന്ധപ്പെട്ടവർ പറഞ്ഞു.സംഭവത്തെ തുടർന്ന് ഷാനവാസിനെ ജില്ലാ പൊലീസ് മേധാവി സസ്പെന്റ് ചെയ്തിട്ടുണ്ട്.കഴിഞ്ഞ 20 നാണ് എം ജെ ഷാനവാസിനെയും കൂട്ടാളിയായ ഷംനാസ് ഷാജിയെയും തൊടുപുഴ എക്സൈസ് സംഘം പിടി കൂടിയത്.ജില്ലയിൽ പൊലീസ് സേനയുടെ ഭാഗമായ ഒരംഗത്തിൽ നിന്ന് ഇത്തരം പ്രവർത്തികൾ സംഭവിച്ചത് സേനക്ക് മൊത്തത്തിൽ നാണക്കേടാണുണ്ടാക്കിയത്.ലഹരി കടത്തിൽ പൊലീസുകാരൻ പ്രതിയായ സംഭവത്തെ തുടർന്ന് ജില്ലയിലാകമാനം സമഗ്രമായ അന്വേഷണം നടത്താൻ ജില്ലാ പൊലീസ് മേധാവി മുല്ലപ്പെരിയാർ ഡി വൈ എസ് പിക്ക് ചുമതല നൽകിയിട്ടുണ്ടെന്നാണ് വിവരം. ഇത്തരം പ്രവർത്തികളും നിയമ വിരുദ്ധമായ സമാന പ്രവർത്തികൾ ചെയ്യുന്നവരും ഇതിന് കൂട്ട് നിൽക്കുന്നവരും ഇനിയുമുണ്ടെന്നാണ് സേനയിലുള്ളവർ തന്നെ പറയുന്നത്.ഇത്തരക്കാരെ കണ്ടെത്തി സേനയെ ശുദ്ധി കലശം നടത്തണം എന്നാണ് ഒരു വിഭാഗം പൊലീസുകാർ ആഗ്രഹിക്കുന്നത്.