നെടുങ്കണ്ടം : സമീപവാസിയുടെ പുരയിടത്തിൽ നിൽക്കുന്ന മരം അപകട ഭീഷണി സൃഷ്ടിക്കുന്നതായി പരാതി നൽകിയ വൃദ്ധദമ്പതികൾ ഉപയോഗിച്ചിരുന്ന കുടിവെള്ള സ്രോതസ് നികത്തി ഉടമ.. 50 വർഷമായി പ്രദേശവാസികൾ കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ഉപയോഗിച്ചിരുന്ന ജല സ്രോതസാണ് നികത്തിയത്. കഴിഞ്ഞ ദിവസമാണ് സംഭവം. നെടുങ്കണ്ടം കളപ്പുരക്കൽ ജോസഫ് ദേവസ്യയാണ് പരാതിക്കാരൻ. ജോസഫും ഭാര്യ മറിയാമ്മയും പറയുന്നതിങ്ങനെ. വർഷങ്ങളായി ഇവിടെ താമച്ച് വരുകയാണ്.വീടിനോട് ചേർന്ന് ഒരു വലിയ മരം അപകട ഭീഷണി ഉയർത്തി നിന്നിരുന്നു. മഴയും കാറ്റും ശക്തമായതോടെ മരം വീടിന് മുകളിലേക്ക് വീഴുമെന്ന ഭയമായി. ഇതോടെ പഞ്ചായത്തിലും അധികൃതർക്കും പരാതി നൽകി. ഇക്കഴിഞ്ഞ 12 ന് മരം വെട്ടിമാറ്റി. മരം വെട്ടിമാറ്റിയ ശേഷം ഉടമ സമീപത്തെ ജല സ്രോതസ് മണ്ണും കല്ലുമിട്ട് മൂടി. മരം വെട്ടാൻ പരാതി നൽകിയതാണ് വൈരാഗ്യത്തിന് കാരണം. ജല സ്രോതസ് നാട്ടുകാർ വർഷങ്ങളായി ഉപയോഗിച്ച് വന്നിരുന്നതാണ്.നാട്ടുകാർ പരാതി പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, തഹസിൽദാർ എന്നിവർക്ക് നൽകി. കല്ലും മണ്ണും നീക്കം ചെയ്ത് കുടിവെള്ള പ്രതിസന്ധി പരിഹരിക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. വനം വകുപ്പിന്റെ അനുമതിയില്ലാതെ മരം മുറിച്ച വിഷയത്തിൽ വനംവകുപ്പ് അന്വേഷണം തുടങ്ങി.