സി.പി.എം നിലപാട് വ്യക്തമാക്കണമെന്ന് സി.പി.ഐ

തൊടുപുഴ: അടിമാലിയിൽ സി.പി.ഐ ജില്ലാ സമ്മേളനം നടക്കുന്ന ദിവസങ്ങളിലൊന്നായ 27ന് ദേവികുളം താലൂക്കിൽ യു.ഡി.എഫ് പിന്തുണയോടെ അതിജീവന പോരാട്ടവേദി ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലിനെപ്പറ്റി സി.പി.എം നിലപാട് വ്യക്തമാക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 2017ൽ പി. പ്രസാദ് ചെന്നൈ ഹരിത ട്രൈബ്യൂണലിൽ ഫയൽ ചെയ്ത ഹർജി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഹർത്താൽ. 2022 ജൂലായ് 27ന് തീർപ്പായ ഈ ഹർജി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താൽ ഗൂഢമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് വ്യക്തമാണ്. ബഫർ സോൺ വിഷയത്തിൽ സി.പി.ഐയുടെയും എൽ.ഡി.എഫിന്റെയും നിലപാട് ഒന്നാണ്. സി.പി.ഐ മാത്രം പരിഹരിക്കേണ്ട വിഷയമല്ല ബഫർസോണും അനുബന്ധപ്രശ്‌നങ്ങളും. സർക്കാരാണ് ഇതിൽ പരിഹാരം കണ്ടെത്തേണ്ടത്. ജനവാസമേഖലകൾ, കൃഷിയിടങ്ങൾ, തോട്ടങ്ങൾ എന്നിവ ഒഴിവാക്കി മാത്രമേ ബഫർസോൺ പ്രഖ്യാപിക്കാവൂ എന്ന് സി.പി.ഐയും എൽ.ഡി.എഫും തുടക്കം മുതൽ വ്യക്തമാക്കിയിട്ടുള്ളതാണ്. സംസ്ഥാന സർക്കാർ ബഫർ സോൺ പൂജ്യം എന്ന് തീരുമാനിക്കുകയും സുപ്രീംകോടതി ഉത്തരവിനെതിരെ പുനഃപരിശോധന ഹർജി ഫയൽ ചെയ്യുകയും ചെയ്തതാണ്. ഇക്കാര്യങ്ങളെല്ലാം മറച്ചുവെച്ച് നടത്തുന്ന ഹർത്താലിൽ നിന്ന് സാധാരണ വ്യാപാരികൾ വിട്ടുനിൽക്കണം. ജില്ലയിലെ കൈയേറ്റ- മരംവെട്ട് മാഫിയ സംഘം കഴിഞ്ഞ കുറേക്കാലമായി സി.പി.ഐയെ തകർക്കാനുള്ള നീക്കത്തിലാണ്. കൈയേറ്റക്കാരെ രക്ഷപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താലും. ഏതെങ്കിലും വകുപ്പുകൾ ഒരു പാർട്ടിയുടെ മാത്രം തറവാട്ടു സ്വത്തല്ല. ഇക്കാര്യങ്ങളെല്ലാം വ്യക്തമായിരിക്കെ ജില്ലാ സമ്മേളനം പരാജയപ്പെടുത്താനുള്ള നീച ശ്രമമാണിത്. അതിജീവന പോരാട്ട വേദിയല്ല ആര് വിചാരിച്ചാലും സി.പി.ഐയെ കരിവാരി തേയ്ക്കാമെന്ന് വിചാരിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ സി.പി.ഐ ജില്ലാ അസി. സെക്രട്ടറി സി.യു ജോയി, സംസ്ഥാന കൗൺസിലംഗം കെ. സലിംകുമാർ, തൊടുപുഴ മണ്ഡലം സെക്രട്ടറി വി.ആർ. പ്രമോദ്, മൂലമറ്റം മണ്ഡലം സെക്രട്ടറി സുനിൽ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.


സി.പി.ഐ ജില്ലാ സമ്മേളനം 26 മുതൽ 29 വരെ അടിമാലിയിൽ

സി.പി.ഐ ജില്ലാ സമ്മേളനം 26 മുതൽ 29 വരെ അടിമാലിയിൽ നടക്കുമെന്ന് ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ പറഞ്ഞു. ഭൂപ്രശ്‌നങ്ങൾ, പട്ടയ പ്രശ്‌നങ്ങൾ, വന്യജീവിയാക്രമണം തുടങ്ങി നിരവധി ജനകീയ പ്രശ്‌നങ്ങൾ സമ്മേളനത്തിൽ ചർച്ചചെയ്യപ്പെടുകയും തീരുമാനമെടുക്കുകയും ചെയ്യും. 25ന് വിവിധ കേന്ദ്രങ്ങളിൽ പതാകജാഥ, കൊടിമര ജാഥ, ബാനർജാഥകൾ ഉദ്ഘാടനം ചെയ്യും. 26ന് ദീപശിഖ പ്രയാണം ആരംഭിക്കും. 27ന് രാവിലെ 10.30ന് അടിമാലി ടൗൺ ഹാളിലെ സി.എ കുര്യൻ നഗറിൽ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറിമാരായ കെ. പ്രകാശ് ബാബു, സത്യൻ മോകേരി, മന്ത്രിമാരായ കെ. രാജൻ, പി. പ്രസാദ്, സംസ്ഥാന നേതാക്കളായ എൻ. രാജൻ, പി. വസന്തം തുടങ്ങിയവർ പങ്കെടുക്കും. 29ന് സംസ്ഥാന സമ്മേളന പ്രതിനിധികളെയും പുതിയ ജില്ലാ കൗൺസിലിനെയും തിരഞ്ഞെടുക്കും. കൗൺസിൽ യോഗം ചേർന്ന് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കും.