ഇടുക്കി: വിവിധ മേഖലകളിൽ സ്തുത്യർഹ നേട്ടങ്ങൾ കൈവരിച്ച വനിതകളെ ആദരിക്കുന്നതിന് സംസ്ഥാന സർക്കാർ നൽകുന്ന വനിതാരത്‌നം പുരസ്‌കാരത്തിന് അപേക്ഷ/ നോമിനേഷൻ ക്ഷണിച്ചു. സാമൂഹ്യസേവനം, കായിക രംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലകളിലും ശാസ്ത്രസാങ്കേതിക മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത എന്നീ അഞ്ച് മേഖലകളിലാണ് പുരസ്‌കാരം നൽകുന്നത്.
തങ്ങളുടെ പ്രവർത്തനമേഖലകളിൽ കാഴ്ചവെച്ച വ്യത്യസ്തവും, നൂതനവുമായ പ്രവർത്തനങ്ങൾ, നേട്ടങ്ങൾ, പുരസ്‌കാരങ്ങൾ എന്നിവയെ സംബന്ധിച്ച വിശദവിവരങ്ങൾ, രേഖകൾ, ഹ്രസ്വചിത്രീകരണം, പുസ്തകം, സി.ഡി, ഫോട്ടോ, പത്രക്കുറിപ്പ് എന്നിവ അപേക്ഷയോടൊപ്പം ഉൾപ്പെടുത്തണം. ജേതാക്കൾക്ക് ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും നൽകും. താൽപര്യമുള്ളവർ ഇടുക്കി ജില്ലാ വനിത ശിശുവികസന ഓഫീസിൽ നവംബർ 25 നകം അപേക്ഷ സമർപ്പിക്കണം.