നെടുങ്കണ്ടം: കേരള സർക്കാരിന്റെ 'ഒരു വർഷം ഒരു ലക്ഷം സംരംഭം' എന്ന പദ്ധതിയുടെ ഭാഗമായി സംരംഭകരെ സഹായിക്കുന്നതിനായുള്ള സംരംഭകത്വ ലോൺ ലൈസൻസ് സബ്‌സിഡി മേള നെടുങ്കണ്ടത്ത് നടന്നു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിന്റെയും ഉടുമ്പൻചോല താലൂക്ക് വ്യവസായ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് മേള സംഘടിപ്പിച്ചത്. ഒരു സംരംഭം തുടുങ്ങുന്നതിന് ആവശ്യമായ ലൈസൻസുകൾ, വ്യവസായ ലോണുകൾ, ഗവണ്മെന്റ് സബ്‌സിടികൾ എന്നിവയെപ്പറ്റി അറിയാനും അപേക്ഷകൾ സമർപ്പിക്കുന്നതിനും അവയുടെ നടപടിക്രമങ്ങൾ മനസിലാക്കുന്നതിനും മേളയിൽ അവസരം ഒരുക്കിയിരുന്നു. പങ്കെടുത്ത സംരംഭകർക്ക് കേന്ദ്ര സർക്കാരിന്റെ എം.എസ്.എം.ഇ രജിസ്‌ട്രേഷനായ ഉദ്യം രെജിസ്‌ട്രേഷൻ സൗജന്യമായി എടുക്കുന്നതിനും അവസരമൊരുക്കി. ഗ്രാമപഞ്ചായത്ത് പരിധിയിലെ വിവിധ ബാങ്കുകളിലെ മാനേജർമാരും വിവിധ സർക്കാർ വകുപ്പുകളുടെ പ്രതിനിധികളും മേളയിൽ പങ്കെടുത്തു. വിവിധ സർക്കാർ വകുപ്പുകളുടെ സ്‌കീമുകളും മേളയിലൂടെ പരിചയപ്പെടുത്തി. 1.4 കോടി രൂപയുടെ 17 ബാങ്ക് ലോണുകൾക്കുള്ള സാംഗ്ഷൻ ലെറ്ററുകൾ, ഏഴ് പഞ്ചായത്ത് ലൈസൻസുകൾ, എട്ട് ഉദ്യം രജിസ്‌ട്രേഷനുകൾ എന്നിവ മേളയിൽ സംരംഭകർക്ക് നൽകി. നെടുങ്കണ്ടം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന സംരംഭകത്വ ലോൺ ലൈസൻസ് സബ്‌സിഡി മേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭനാ വിജയൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ഡി ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഉടുമ്പൻചോല താലൂക്ക് വ്യവസായ ഓഫീസർ വിശാഖ് പി.എസ്, വ്യവസായ വികസന ഓഫീസർ ജിബിൻ, വ്യവസായ വകുപ്പ് പ്രതിനിധി അരുൺ, ഗ്രാമപഞ്ചായത്തംഗങ്ങൾ, കുടുംബശ്രീ ചെയർപേഴ്‌സൺ ഡെയ്‌സമ്മ തുടങ്ങിയവർ പ്രസംഗിച്ചു.