 
നെടുങ്കണ്ടം :വാഹനം കടത്തിക്കൊണ്ടു പോയെന്ന പരാതിയിൽ പ്രതിഭാഗത്തെയും വാദിഭാഗത്തെയും സ്റ്റേഷനിലെത്തിച്ച് വിവരശേഖരണം നടത്തുന്നതിനിടെ 500 രൂപ നോട്ട് കീറി ഏറിഞ്ഞയാൾ അറസ്റ്റിൽ. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ പബ്ലിക് റിലേഷൻ കൗണ്ടറിന് മുന്നിലാണ് പാറത്തോട് സബിൻ ഹൗസിൽ പ്രകാശ് (27) അഞ്ഞൂറ് രൂപയുടെ 3 നോട്ടുകൾ കീറീ എറിഞ്ഞത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി റിമാൻഡ് ചെയ്തു. നെടുങ്കണ്ടം പൊലീസ്
പൊതുമുതൽ നശിപ്പിച്ചെന്ന വകുപ്പിട്ടാണ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ നടന്നത്. പ്രകാശും സുഹൃത്തായ ശരത് കുമാറും ചേർന്ന് സമീപകാലത്ത് ഒരു വാഹനം വാങ്ങി. ഈ വാഹനമെടുത്ത ശേഷം ശരത് കുമാറും സാഹായിയും ചേർന്ന് പ്രകാശിനെ അറിയിക്കാതെ വാഹനം കടത്തിക്കൊണ്ടുപോയി. തുടർന്ന് ഇരുവിഭാഗവും തമ്മിലുള്ള തർക്കമാണ് പരാതിയായി പൊലീസ് സ്റ്റേഷനിലെത്തിയത്. പ്രശ്‌നം സംസാരിച്ച് തീർക്കുന്നതിനിടെ വാഹനത്തിനുള്ളിലെ ടൂൾസ് കാണാതായെന്ന് പ്രകാശ് പറയുകയും നഷ്ടപരിഹാരം വേണമെന്ന് പറയുകയും ചെയ്തു. ഇത് പൊലീസ് സ്റ്റേഷനിൽ പ്രകാശും ശരത് കുമാറും തമ്മിൽ വീണ്ടും തർക്കത്തിനിടയാക്കി. ഇതോടെ പ്രകോപിതനായ പ്രകാശ് കൈയ്യിൽ കരുതിയിരുന്ന മൂന്ന് 500 രൂപ നോട്ടുകൾ കീറിയെറിഞ്ഞു. ഇതോടെ പൊലീസ് പൊതുമുതൽ നശിപ്പിച്ചതിന് കേസെടുത്ത് പ്രകാശിനെ കോടതിയിൽ ഹാജരാക്കി. എസ്‌ഐമാരായ പി.ജെ.ചാക്കോ, പി.കെ.സജിവൻ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.