ചെറുതോണി: കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് ഷേർളി ജോസഫ് രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് ഷേർളി ജോസഫ് പറഞ്ഞു. സി.പി.എം അംഗമായ ഷേർളി നേരത്തെ രാജി സന്നദ്ധത പാർട്ടിയെ അറിയിച്ചിരുന്നു. ശനിയാഴ്ച പാർട്ടി അനുമതി നൽകിയതിനെ തുടർന്ന് ഇന്നലെ രാവിലെ രാജി സമർപ്പിക്കുകയായിരുന്നു. യു.ഡി.എഫ് കോട്ടയായിരുന്ന പഞ്ചായത്തിലെ രണ്ടാം വാർഡിനെ പ്രതിനിധീകരിച്ച് വിജയിച്ച ഷേർളി സി.പി.എമ്മിൽ നിന്ന് കൂടുതൽ തവണ വിജയിച്ച ജനപ്രതിനിധിയാണ്. കാമാക്ഷി പഞ്ചാത്തിന്റെ ചരിത്രത്തിലാദ്യമായി 2020ൽ എൽ.ഡി.എഫ് 12 സീറ്റ് നേടി വിജയിച്ചത് ഷേർളിയുടെ നേതൃത്വത്തിലായിരുന്നു. എന്നാൽ പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസമാണ് രാജിയിലേയ്ക്ക് നയിച്ചതെന്നും പറയുന്നുണ്ട്. നെല്ലിപ്പാറ വാർഡിൽ നിന്ന് വിജയിച്ച സി.പി.എം അംഗം അനു വിനേഷാണ് അടുത്ത പ്രസിഡന്റാകാൻ സാദ്ധ്യത. നിലവിൽ വൈസ് പ്രസിഡന്റ് റെജി മുക്കാടനാകും പ്രസിഡന്റിന്റെ താത്കാലിക ചുമതല വഹിക്കുക.