തൊടുപുഴ: മലങ്കര അരുവിക്കുത്ത് വെള്ളച്ചാട്ടത്തിന്റെ ചുറ്റ് പ്രദേശങ്ങൾ ലഹരി പുകയുന്ന താവളമായി മാറുന്നതിൽ പ്രദേശവാസികൾആശങ്കയിൽ.റോഡിൽ നിന്ന് പെട്ടന്ന് ഇവിടേക്ക് നോട്ടം എത്തുന്നില്ല എന്നതിനാൽ ലഹരി ആവശ്യമുള്ളവരും വില്പനക്കാരും ഇവിടം താവളമാക്കുകയാണ്..അരുവിക്കുത്ത് വെള്ളച്ചാട്ടത്തിന്റെ ദൃശ്യഭംഗി സഞ്ചാരികൾക്ക് ഏറെ ഹൃദ്യമാകുമ്പോൾ ഇവിടെയെത്തുന്നവരെ വലയിലാക്കാൻ ലഹരിമാഫിയായും സജീവമായുണ്ട്. തൊടുപുഴയിൽ നിന്ന് അഞ്ചു കിലോമീറ്റർ മാത്രം ദൂരത്തിലുള്ള അരുവിക്കുത്ത് വെള്ളച്ചാട്ടത്തെകുറിച്ച് കൂടുതലായി പുറം ലോകമറിഞ്ഞു തുടങ്ങിയത് കൊവിഡ് വ്യാപന സമയങ്ങളിലായിരുന്നു. പ്രദേശവാസികളും മറ്റ് സ്ഥലങ്ങളിൽ നിന്ന് എത്തുന്നവരും വിദ്യാർത്ഥികളും ഉൾപ്പെടെ അനേകം ആളുകളാണ് ഇപ്പോൾ ഇവിടേക്ക് എത്തുന്നത്.തൊടുപുഴ മൂലമറ്റം റൂട്ടിൽ മലങ്കര റബർ ഫാക്ടറിക്ക് സമീപത്ത് നിന്ന് കനാൽ റോഡിലൂടെ അര കിലോമീറ്റർ യാത്ര ചെയ്താൽ അരുവിക്കുത്തിലെത്താം. മഴക്കാലമെത്തിയാൽ അതിമനോഹരമാണ് ഇവിടം. ഇല്ലിചാരി മലയിൽ നിന്ന് ഉത്ഭവിക്കുന്ന ചെറു അരുവിയാണ് മലങ്കരയിലെത്തുമ്പോൾ സുന്ദരമായ വെള്ളച്ചാട്ടമായി മാറുന്നത്. വെള്ളച്ചാട്ടത്തിന് അധികം ഉയരമില്ലെങ്കിലും പാറയുടെ മടിത്തട്ടിലൂടെ പതഞ്ഞൊഴുകിയെത്തുന്ന അരുവി നയനമനോഹര കാഴ്ചയാണ്. സമീപത്തെ പാലത്തിൽ നിന്നാൽ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം കൺകുളിർക്കെ ആസ്വദിക്കാം. വെള്ളച്ചാട്ടത്തിന്റെ ഒരു ഭാഗം മുട്ടം പഞ്ചായത്തിലും ബാക്കി ഭാഗം കരിങ്കുന്നം പഞ്ചായത്തിലുമാണ്.

ലഹരിക്കച്ചവടക്കാർക്ക്
ഇഷ്ടലൊക്കേഷൻ
വിനോദസഞ്ചാരികൾ കൂട്ടത്തോടെ എത്തിയതോടെയാണ് ലഹരി മാഫിയായുടെ കച്ചവടക്കണ്ണുകൾ ഇവിടേക്ക് എത്തിയത്.കഴിഞ്ഞ ദിവസം ഒന്നര കിലോയോളം കഞ്ചാവുമായാണ് യുവാവ് ഇവിടെ പിടിയിലായത്.വെള്ളച്ചാട്ടത്തിന് സമീപം ആൾ താമസമില്ലാത്തതും ഇവിടേക്കെത്താനുള്ള പെരുമറ്റം കനാലിനോടു ചേർന്നുള്ള പാത വിജനമായതും ലഹരിക്കച്ചവടക്കാർക്ക് പ്രയോജനകരമായി.മദ്യപിക്കാനുള്ള സംഘങ്ങളും ഇവിടെയെത്തുന്നുണ്ട്.മേഖല കേന്ദ്രീകരിച്ച് പൊലീസിന്റെയും എക്സൈസിന്റെയും നിരീക്ഷണം ശക്തിപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

സുരക്ഷ പ്രശ്‌നം

അരുവിക്കുത്തിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. അപകടകരമായ പാറയിടുക്കുകളും മറ്റും അരുവിയിലുണ്ട്. സെൽഫിയെടുക്കാനും മറ്റും യുവാക്കൾ വെള്ളച്ചാട്ടത്തിനു താഴെയിറങ്ങുന്നത് അപകട ഭീഷണിയും ഉയർത്തുന്നു. അരുവിക്കുത്തിന്റെ പ്രാധാന്യം അന്യനാട്ടുകാർ തിരിച്ചറിഞ്ഞിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ അധികൃതർ തയ്യാറാകുന്നില്ല.സുരക്ഷാ വേലിയോ ബോർഡുകളോ ഇവിടെ സ്ഥാപിച്ചിട്ടില്ല. മഴക്കാലത്ത് വഴുക്കലുളള പാറയിലും കുത്തിയൊഴുകുന്ന വെള്ളത്തിലും സഞ്ചാരികൾ അപകടത്തിൽപ്പെടാനുള്ള സാധ്യതയേറെയാണ്.മലങ്കര ടൂറിസത്തിന്റെ ഭാഗമായി അടിസ്ഥാന സൗകര്യങ്ങളൊരുക്കിയാൽ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി ഇവിടം മാറുമെന്നാണ് വിലയിരുത്തൽ.