തൊടുപുഴ: സി.പി.ഐ ജില്ലാ സമ്മേളനത്തിന് നാളെ അടിമാലിയിൽ തുടക്കമാകും.
സമ്മേളനത്തിന് മുന്നോടിയായി ഇന്ന് വിവിധ കേന്ദ്രങ്ങളിൽ പതാക ജാഥ, കൊടിമര ജാഥ, ബാനർ ജാഥകൾ എന്നിവ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കൗൺസിലംഗം കെ. സലിംകുമാർ ക്യാപ്ടനായിട്ടുള്ള ബാനർ ജാഥ ഇന്ന് വൈകിട്ട് നാലിന് തൊടുപുഴയിൽ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ ഉദ്ഘാടനം ചെയ്യും. ജോസ് ഫിലിപ്പ് ജാഥ ഡയറക്ടറും മുഹമ്മദ് അഫ്‌സൽ, എം.കെ. പ്രിയൻ, ഗീത തുളസീധരൻ, ജയാ മധു, പി.പി. ജോയി, വി.ആർ. പ്രമോദ്, സുനിൽ സെബാസ്റ്റ്യൻ, വി.കെ. ബാബുക്കുട്ടി എന്നിവർ ജാഥാംഗങ്ങളുമാണ്. സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവംഗം വി.കെ. ധനപാൽ ക്യാപ്ടനായിട്ടുള്ള പതാക ജാഥ ഇന്ന് വൈകിട്ട് നാലിന് നെടുങ്കണ്ടത്ത് വാഴൂർ സോമൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. എം.വൈ. ഔസേഫ് ജാഥ ഡയറക്ടറും കെ.സി. ആലീസ്, വി.ആർ. ശശി, ജെയിംസ് ടി. അമ്പാട്ട്, ടി.സി. കുര്യൻ, സുരേഷ് പള്ളിയാടി, അജീഷ് മുതുകുന്നേൽ എന്നിവർ ജാഥാംഗങ്ങളുമാണ്. പി. പളനിവേൽ ക്യാപ്നായിട്ടുള്ള കൊടിമര ജാഥ സംസ്ഥാന വെയർ ഹൗസിംഗ് കോർപ്പറേഷൻ ചെയർമാൻ പി. മുത്തുപാണ്ടി ഇന്ന് വൈകിട്ട് നാലിന് ഗൂഢാർവിളയിൽ ഉദ്ഘാടനം ചെയ്യും. ജി.എൻ ഗുരുനാഥൻ ഡയറക്ടറായ ജാഥയിൽ അഡ്വ. വി.എസ്. അഭിലാഷ്, വിനു സ്‌കറിയ, ശാന്തി മുരുഗൻ, എസ്. ചന്ദ്രശേഖരപിള്ള, അഡ്വ. ഭവ്യ കണ്ണൻ, അഡ്വ. ടി. ചന്ദ്രപാൽ എന്നിവർ ജാഥാംഗങ്ങളുമാണ്. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി കെ.ജെ. ജോയ്‌സ് ക്യാപ്ടനും എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി ആനന്ദ് വിളയിൽ വൈസ് ക്യാപ്ടനുമായിട്ടുള്ള ദീപശിഖ ജാഥ നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് ഇരുമ്പുപാലത്ത് നിന്ന് ആരംഭിച്ച് അടിമാലി സമ്മേളന നഗരിയിലെത്തിക്കും. സി.പി.ഐ സംസ്ഥാന കൺട്രോൾ കമ്മിഷനംഗം മാത്യു വർഗീസ് പ്രിൻസ് മാത്യുവിന് ദീപശിഖ കൈമാറും. നാളെ രാവിലെ ഒമ്പതിന് മുണ്ടിയെരുമയിൽ നിന്ന് ആരംഭിക്കുന്ന പതാക ജാഥയും ദേവികുളത്ത് നിന്ന് ആരംഭിക്കുന്ന കൊടിമര ജാഥയും തൊടുപുഴ വണ്ണപ്പുറത്ത് നിന്ന് ആരംഭിക്കുന്ന ബാനർ ജാഥയും വൈകിട്ട് നാല് മണിയോടെ അടിമാലി പാപ്പമ്മാൾ ഹസൻ റാവൂത്തർ സ്മൃതി മണ്ഡപത്തിൽ എത്തിച്ചേരും.
27ന് രാവിലെ 10.30ന് അടിമാലി ടൗൺ ഹാളിലെ സി.എ. കുര്യൻ നഗറിൽ പ്രതിനിധി സമ്മേളനം ആരംഭിക്കും. സി.പി.ഐ കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറിമാരായ കെ. പ്രകാശ് ബാബു, സത്യൻ മോകേരി, മന്ത്രിമാരായ കെ. രാജൻ, പി. പ്രസാദ്, സംസ്ഥാന നേതാക്കളായ എൻ. രാജൻ, പി. വസന്തം തുടങ്ങിയവരും പങ്കെടുക്കും. 29ന് സംസ്ഥാന സമ്മേളന പ്രതിനിധികളെയും പുതിയ ജില്ലാ കൗൺസിലിനെയും തെരഞ്ഞെടുക്കും. കൗൺസിൽ യോഗം ചേർന്ന് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കും. ഭൂപ്രശ്‌നങ്ങൾ, പട്ടയ പ്രശ്‌നങ്ങൾ, വന്യജീവി ആക്രമണം, തുടങ്ങി നിരവധിയായ ജനകീയ പ്രശ്‌നങ്ങൾ സമ്മേളനത്തിൽ ചർച്ചചെയ്യും.