തൊടുപുഴ: ജില്ലാ ലൈബ്രറി കൗൺസിൽ നേതൃത്വത്തിൽ നടത്തുന്ന പുസ്തകോത്സവത്തിന് തൊടുപുഴ ഇ.എ.പി ഹാളിൽ തുടക്കമായി. സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. 58 സ്റ്റാളുകളിലായി 43 ഓളം പ്രസാധകരുടെ പ്രസിദ്ധീകരണങ്ങൾ പുസ്തകോത്സവത്തിൽ ഒരുക്കിയിട്ടുണ്ട്. രാവിലെ 8.30 മുതൽ വൈകിട്ട് 8 വരെയാണ് സ്റ്റാളുകളുടെ പ്രവർത്തന സമയം. മലയാള പുസ്തകങ്ങൾക്ക് കുറഞ്ഞത് 33 ശതമാനവും ഇംഗ്ലീഷ് പുസ്തകങ്ങൾക്ക് 20 ശതമാനവും ഡിസ്‌കൗണ്ട് മേളയിൽ ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. പുസ്തകോത്സവത്തോടനുബന്ധിച്ച് എല്ലാ ദിവസവും കലാപരിപാടികളും അരങ്ങേറും. എഴുത്തുകാർക്ക് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനുള്ള അവസരവും ഏർപ്പെടുത്തിയിട്ടുണ്ട്.
ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ആർ. തിലകൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വായന മത്സര വിജയികൾക്കുള്ള സമ്മാനദാനം തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് നിർവ്വഹിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം കെ.എം ബാബു മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോർജ്ജ് അഗസ്റ്റിൻ ആശംസിച്ചു. സ്വാഗതസംഘം കൺവീനർ ഇ.ജി സത്യൻ സ്വാഗതവും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ സുകുമാരൻ നന്ദിയും പറഞ്ഞു.
ഇന്ന് രാവിലെ 11 ന് സാഹിത്യക്വിസ് നടക്കും. ജോസ് കോനാട്ട് ക്വിസ് മാസ്റ്ററാകും. ഉച്ചകഴിഞ്ഞ് 3 ന് നാടൻപാട്ട് അവതരിപ്പിക്കും. 4 ന് സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം പി.കെ ഗോപൻ പ്രഭാഷണം നടത്തും. 6ന് കരോക്കെ ഗാനമേള .പുസ്തകോത്സവം 26ന് സമാപിക്കും.