• മോഷണങ്ങൾ കൂടുതലും ഗ്രാമീണ മേഖല കേന്ദ്രീകരിച്ച്
• വാഴക്കുലകൾ മോഷ്ടിച്ച് വിറ്റ കേസിൽ യുവാക്കൾ പിടിയിൽ
കട്ടപ്പന : ഹൈറേഞ്ചിലെ പ്രധാന ഗ്രാമീണ മേഖലകളിൽ ഒന്നായ വാഴവരയിൽ തസ്‌കര ശല്യം രൂക്ഷമെന്ന് നാട്ടുകാർ.കഴിഞ്ഞ വെള്ളിയാഴ്ച മലഞ്ചരക്ക് കട കുത്തിതുറന്ന് മോഷ്ടിച്ചത് 72 കിലോ എലയ്ക്ക.ആൾതാമസം ഇല്ലാത്ത വീടുകളിലും ഏതാനും ദിവസങ്ങൾക്ക് മുൻപ് മോഷണ ശ്രമം ഉണ്ടായി.വാഴവര ടൗണിലും,പള്ളിനിരപ്പ് പരപ്പനങ്ങാടി ഭാഗത്തുമാണ് മോഷണം വ്യാപകമായിരിക്കുന്നത്.
ഒരു മാസം മുമ്പ് വീടിനു മുൻപിൽ കിടന്നിരുന്ന പിക്ക്അപ്പ് വാൻ പട്ടാപ്പകൽ മോഷണം പോയതിന് പിന്നാലെയാണ് മേഖല കേന്ദ്രീകരിച്ച് മോഷണം വീണ്ടും രൂക്ഷമായിരിക്കുന്നത്.കഴിഞ്ഞ വെള്ളിയാഴ്ച്ച വാഴവര ടൗണിൽ പ്രവർത്തിക്കുന്ന മലഞ്ചരക്ക് സ്ഥാപനത്തിന്റെ പൂട്ട് തകർത്ത് 72 കിലോ ഉണക്ക ഏലയ്ക്കാ മോഷ്ണം പോയിരുന്നു ഇതിന് തൊട്ടടുത്ത് ദിവസമാണ് പള്ളി നിരപ്പിന് സമീപം ആൾതാമസമില്ലാത്ത വീടുകളിൽ മോഷണശ്രമം ഉണ്ടായത്.യു കെ യിൽ ജോലി ചെയ്യുന്ന ഈറ്റക്കുന്നേൽ ബിജുവിന്റെ വീടാണ് മോഷ്ടാക്കൾ കുത്തിതുറന്നത്.അകത്തിരുന്ന അലമാരയും കുത്തി തുറന്ന നിലയിലാണ്. തോട്ടമുടമായ കവിയിൽ തോമാച്ചൻ എന്നയാളുടെ ഏലയ്ക്കായും,കാർഷികോപകരണങ്ങളും സൂക്ഷിക്കുന്ന വീടിന്റെ പൂട്ട് തകർത്ത് അകത്തു കയറാൻ മോഷ്ടാക്കൾ ശ്രമം നടത്തിയെങ്കിലും വിഫലമായി. മോഷ്ടാക്കളുടെ ശല്യം വർധിച്ചതോടെ രാത്രി കാല പൊലീസ് പട്രോളിംഗ് ഊർജിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.മോഷണ ശ്രമം നടന്ന വീടുകളിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും കാര്യമായ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല.
വാഴക്കുല മോഷണം 4 പേർ അറസ്റ്റിൽ
സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന പാകമായ വാഴക്കുലകൾ വെട്ടിവിറ്റ കേസിൽ നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.കല്യാണത്തണ്ട് വെട്ടികാവുങ്കൽ ഷൈജു(19) ബന്ധുവായ ഇരട്ടയാർ സ്വദേശി വെട്ടികാവുങ്കൽ സുനിൽ (25) കല്യാണത്തണ്ട് പയ്യമ്പള്ളിൽ രഞ്ജിത്ത്(27 )ഇവരുടെ സുഹൃത്തായ 17 വയസ്സുകാരൻ എന്നിവരാണ് കട്ടപ്പന പോലീസിന്റെ പിടിയിലായത്.കഴിഞ്ഞ 21 ന് മുളകരമേട് സ്വദേശിയായ ജെയിംസ് എന്നയാളുടെ തോട്ടത്തിൽ കയറി 7 വാഴക്കുലകളാണ് പ്രതികൾ മോഷ്ടിച്ചത്.തുടർന്ന് മറ്റൊരു സുഹൃത്തിന്റെ കാർ വാങ്ങി ഇതിൽ കട്ടപ്പന ചന്തയിൽ എത്തിച്ച് വിൽക്കുകയായിരുന്നു.ഈ കാർ പോലീസ് കസ്റ്റഡിയിൽ എടുത്തു.സ്ഥലം ഉടമയുടെ പരാതിയിൽ പൊലീസ് കട്ടപ്പന നഗരത്തിലെ സി സി റ്റി വി കൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.എസ്എച്ച് ഒ വിശാൽ ജോൺസന്റെ നിർദേശപ്രകാരം പ്രിൻസിപ്പൽ എസ്‌ഐ കെ.ദിലീപ് കുമാർ,എസ്‌ഐ റ്റി. എസ് ഷാജി,സി പി ഒ മാരായ സുമേഷ് തങ്കപ്പൻ,അനൂപ് എന്നിവർ ചേർന്നാണ് മോഷ്ടാക്കളെ പിടികൂടിയത്.പ്രതികളെ കോടതിയിൽ ഹാജരാക്കി.