കട്ടപ്പന: പൊറോട്ട കഴിക്കുന്നതിനിടെ യുവാവ് മരിച്ചത് തൊണ്ടയിൽ പൊറേട്ട കുടുങ്ങി ശ്വാസം കിട്ടാതെ വന്നതിനെ തുടർന്നാണെന്ന് പോസ്റ്റ്‌മോർട്ടത്തിൽ തെളിഞ്ഞതായി പൊലീസ്. തിങ്കളാഴ്ച്ച രാത്രിയിലാണ് വളവുമായെത്തിയ ലോറിയിലെ സഹായി പന്നിയാർ ചൂണ്ടൽ ഗാന്ധിഗ്രാം സ്വദേശി ബാലാജി (34) മരിച്ചത്. ലോറിയിൽ ഇരുന്ന് പൊറോട്ട കഴിക്കുന്നതിനിടയിൽ ബാലാജിക്ക് ശ്വാസതടസമുണ്ടാവുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടെന്നാണ് ലോറിയിൽ ഒപ്പം ഉണ്ടായിരുന്നവർ പൊലീസിന് നൽകിയ മൊഴി. എന്നാൽ ആശുപത്രി അധികൃതർ ഇക്കാര്യം സ്ഥിരീകരിക്കാതിരുന്നതിനെ തുടർന്നാണ് ദുരൂഹത വർദ്ധിച്ചത്. ചൊവ്വാഴ്ച തന്നെ പോസ്റ്റ്‌മോർട്ടം നടത്തി മരണകാരണം കണ്ടെത്താൻ പൊലീസ് ശ്രമം നടത്തിയെങ്കിലും കൊവിഡ് പരിശോധന ഫലം വൈകിയതിനെ തുടർന്ന് പോസ്റ്റ്‌മോർട്ടം ബുധനാഴ്ചയിലേയ്ക്ക് മാറ്റുകയായിരുന്നു. പൊറോട്ട തൊണ്ടയിൽ കുടുങ്ങി ശ്വാസമെടുക്കാൻ കഴിയാതെ വന്നതാണ് മരണകാരണം. കൂലിപ്പണിക്കാരനായ ബാലാജി വളം വിതരണക്കാരന്റെ നിർദ്ദേശത്തെ തുടർന്നാണ് സഹായിയായി ലോറിയിൽ കട്ടപ്പനയിൽ എത്തിയത്. പറഞ്ഞ സമയത്തിനുള്ളിൽ വളം ഇറക്കി തീരാത്തതിനെ തുടർന്നാണ് ബാലാജിയും ഒപ്പമുണ്ടായിരുന്നവരും പിറ്റേദിവസം വളമിറക്കി നൽകാമെന്ന കണക്കുകൂട്ടലിൽ കട്ടപ്പനയിലെ ലോഡ്ജിൽ മുറിയെടുത്തത്. ഇവിടേയ്ക്ക് പോകും വഴിയാണ് ദാരുണ സംഭവം. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.