ഇടുക്കി: റേഷൻ കടകളിലെ ഇ- പോസ് മെഷീൻ അടിയ്ക്കടി പണിമുടക്കുന്നത് ജില്ലയിലെ ഓണക്കിറ്റ് വിതരണം അവതാളത്തിലാക്കുന്നു. ഇന്നലെ രാവിലെ മുതൽ ഇ- പോസ് മെഷീന്റെ സെർവർ തകരാറിലായതിനെ തുടർന്ന് ഏറെ നേരം കിറ്റ് വിതരണം മുടങ്ങി. 23, 24 തിയതികളിൽ മഞ്ഞ കാർഡ് ഉടമകൾക്കാണ് കിറ്റ് വിതരണം നിശ്ചയിച്ചിരുന്നത്. രാവിലെ മുതൽ തന്നെ നിരവധിപ്പേർ കിറ്റ് വാങ്ങാൻ കടകളിലെത്തിയിരുന്നു. എന്നാൽ സെർവർ തകരാർ പലയിടങ്ങളിലും വിതരണം പ്രതിസന്ധിയിലാക്കി. ഇതോടെ പലരും റേഷൻ വ്യാപാരികളുമായി വാക്കേറ്റത്തിലേർപ്പെട്ടു. ചിലർ നിരാശരായി മടങ്ങി. ഈ സാഹചര്യത്തിൽ ഓണത്തിന് മുമ്പ് കിറ്റ് കൊടുത്തു തീർക്കാനാകുമോയെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. സെർവർ തകരാർ കാരണം കഴിഞ്ഞ വർഷവും ഓണക്കിറ്റ് വിതരണം സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. ഓണം കഴിഞ്ഞ് ഒരു മാസം എടുത്താണ് കിറ്റ് വിതരണം പൂർത്തിയാക്കിയത്. ഇത്തവണ വിതരണം നേരത്തേ തുടങ്ങിയെങ്കിലും സെർവർ പ്രശ്‌നം വില്ലനാകുകയാണ്. സെർവറിന്റെ ശേഷി കുറഞ്ഞതു കാരണമാണ് ഏറെ പേർ റേഷൻ കടകളിൽ ഒന്നിച്ചെത്തുമ്പോൾ ഇ- പോസ് മെഷീൻ പണിമുടക്കുന്നത് എന്നാണ് റേഷൻ വ്യാപാരികളും മേഖലയിലെ വിദഗ്ദ്ധരും പറയുന്നത്. ഒ.ടി.പി സംവിധാനത്തിലൂടെ കിറ്റ് നൽകാൻ ശ്രമിച്ചിട്ടും നടന്നില്ല. വളരെ നേരം കാത്തിരുന്നത് പല തവണ നടത്തുന്ന ശ്രമങ്ങൾക്ക് ശേഷവുമാണ് കിറ്റ് വിതരണം നടത്തുന്നത്. ഇത് വലിയ തിരക്കിനും റേഷൻ വ്യാപാരികൾക്കും കാർഡ് ഉടമകൾക്കും ഒരുപോലെ ബുദ്ധിമുട്ടിനും ഇടയാക്കുന്നുണ്ട്.
ഏഴ് വരെ കിറ്റ് കിട്ടും
25, 26, 27 തീയതികളിൽ പിങ്ക് കാർഡ് ഉടമകൾക്കും 29, 30, 31 തീയതികളിൽ നീല കാർഡ് ഉടമകൾക്കും സെപ്തംബർ 1, 2, 3 തീയതികളിൽ വെള്ള കാർഡ് ഉടമകൾക്കും കിറ്റ് നൽകാനാണ് തീരുമാനം. ഈ ദിവസങ്ങളിൽ കിറ്റ് വാങ്ങാൻ കഴിയാത്തവർക്ക് സെപ്തംബർ 4, 5, 6, 7 തീയതികളിലും ഭക്ഷ്യക്കിറ്റ് റേഷൻ കടകളിൽ നിന്ന് ലഭിക്കും. ഏഴിന് ശേഷം കിറ്റ് വിതരണം ഉണ്ടായിരിക്കില്ലെന്ന് അറിയിപ്പ്.