ചെറുതോണി: ഭാര്യ പിതാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. കരിമ്പൻ മണിപ്പാറ തോണിത്തറയിൽ രതീഷിനെയാണ് തങ്കമണി പൊലീസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് ഒമ്പതിനായിരുന്നു സംഭവം. രതീഷിന്റെ പീഡനം സഹിക്കാൻ കഴിയാതെ ഭാര്യ രാഖി രണ്ടാഴ്ച മുമ്പ് രണ്ട് കുട്ടികളെയും കൊണ്ട് പുഷ്പഗിരിയിലെ സ്വന്തം വീട്ടിലെത്തിയിരുന്നു. ഇവരെ കാണാനെന്ന വ്യാജേന വീട്ടിലെത്തിയ യുവാവ് ഭാര്യാ പിതാവിനെ കുത്തിപ്പരിക്കേല്പിക്കുകയായിരുന്നു. പരിക്കേറ്റ ഗൃഹനാഥൻ പുഷ്പഗിരി സ്വദേശി കിഴക്കേപ്പറമ്പിൽ രാജശേഖരൻ (അനിയൻ- 60) ഗുരുതരാവസ്ഥയിൽ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വയറിന്റെ ഇരുവശത്തും കുത്തേറ്റതിനെ തുടർന്ന് രാജശേഖരന്റെ ആന്തരികാവയവങ്ങൾ പുറത്തു വന്ന അവസ്ഥയിലായിരുന്നു. ഭർത്താവിനെ കുത്തുന്നത് തടയാനെത്തിയ രാജശേഖരന്റെ ഭാര്യ ഓമനയ്ക്കും പരിക്കേറ്റു. തന്നെ കൊലപ്പെടുത്തുകയായിരുന്നു ഭർത്താവിന്റെ ലക്ഷ്യമെന്ന് രാഖി മൊഴി കൊടുത്തിരുന്നു. കൊലപ്പെടുത്താൻ കത്തിവാങ്ങി വച്ചിട്ടുണ്ടെന്ന് ഇയാൾ പല തവണ രാഖിയെ വിളിച്ച് പറയുകയും സോഷ്യൽ മീഡിയയിൽ കത്തിയുടെ ചിത്രം പങ്ക് വയ്ക്കുകയും ചെയ്തിരുന്നു. പീരുമേട് കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു.