കരടു പട്ടിക നവംബർ 9നും, അന്തിമ പട്ടിക ജനു. 5നും പ്രസിദ്ധികരിക്കും
ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന് കളക്ട്രേറ്റിൽ ഹെൽപ് ഡസ്‌ക്

ഇടുക്കി:: 2023ലെ പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ ആരംഭിച്ചു. ഇതോടൊപ്പം വോട്ടർ പട്ടിക ആധാർകാർഡ് ബന്ധിപ്പിക്കൽ നടപടികളും ആരംഭിച്ചു.. മുൻകൂട്ടി നിശ്ചയിച്ച സമയക്രമം അനുസരിച്ച് പ്രാരംഭ നടപടികൾക്കുശേഷം കരടു വോട്ടർ പട്ടിക നവംബർ 9ന് പ്രസിദ്ധീകരിക്കും. നവംബർ 9 മുതൽ ഡിസംബർ 8 വരെ അപേക്ഷകളും ആക്ഷേപങ്ങളും സമർപ്പിക്കാം. അപേക്ഷകളും ആക്ഷേപങ്ങളും പരിഗണിച്ച് അന്തിമ വോട്ടർ പട്ടിക 2023 ജനുവരി 5 നു പ്രസിദ്ധീകരിക്കും.

മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ വർഷം മുതൽ ജനുവരി ഒന്ന് കൂടാതെ തുടർന്നു വരുന്ന മൂന്ന് യോഗ്യതാ തീയതികളിൽ (ഏപ്രിൽ 1, ജൂലൈ 1, ഒക്ടോബർ 1 ) 18 വയസു പൂർത്തിയാകുന്നവർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനു മുൻകൂറായി അപേക്ഷ നൽകാം. അപേക്ഷ നേരത്തെ സ്വീകരിക്കുമെങ്കിലും അപേക്ഷകർക്കു 18 വയസ് പൂർത്തിയാകുന്നതനുസരിച്ച് മാത്രമേ വോട്ടർ പട്ടികയിൽ പേരുൾപ്പെടുത്തി തിരിച്ചറിയൽ കാർഡ് നൽകുകയുള്ളു.

വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട വിവിധ ഫോമുകളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കൂടാതെ വോട്ടർ പട്ടികയിൽ പേരുള്ള സമ്മതിദായകന് തന്റ ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനവും നിലവിൽ വന്നിട്ടുണ്ട്. ഇതിനായി ഫോറം 6ബി യിലാണ് അപേക്ഷിക്കേണ്ടത്. പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നവർക്ക് ഫോറം 6 ലെ ബന്ധപ്പെട്ട കോളത്തിൽ ആധാർ നമ്പർ രേഖപ്പെടുത്തിയാൽ മതി. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതും. ആധാർ കാർഡ് വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്നതും സംബന്ധിച്ച വിശദ വിവരങ്ങൾ ഇന്ത്യൻ തിരഞ്ഞെടുപ്പു കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.eci.gov.in ൽ ലഭിക്കും.

തിരഞ്ഞെടുപ്പു കമ്മീഷന്റ www.nvsp.in എന്ന വെബ്‌സൈറ്റ്, വോട്ടർ ഹെൽപ് ലൈൻ മൊബൈൽ ആപ്പ് എന്നീ സംവിധാനങ്ങൾക്ക് പുറമെ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) മുഖേന ഫോം 6ബി സമർപ്പിച്ചും വോട്ടർ ഐ.ഡി കാർഡ് ആധാർ ലിങ്കിംഗ് നടത്താം. കൂടാതെ താലൂക്ക് കാര്യാലയങ്ങളിലും ജില്ലാ കളക്ടറേറ്റിലും വോട്ടർ ഹെൽപ്പ് ഡെയ്ക്ക് ഇക്കാര്യത്തിനായി ആരംഭിച്ചിട്ടുണ്ട്. ഇടുക്കി കളക്ടറേറ്റിലെ ഹെൽപ്പ് ഡെസ്‌ക് ജില്ലാ കളക്ടർ ഷീബ ജോർജ്ജ് ഉദ്ഘാടനം ചെയ്തു.

ഡെ. കളക്ടർമാരായ വി.ആർ. ലത (ഇലക്ഷൻ), കെ. മനോജ് ( എൽ ആർ), ജോളി ജോസഫ് ( ആർ ആർ) ദീപ കെ.പി ( എൽ എ മൂന്നാർ) ഹുസൂർ ശിരസ്ത്ദാർ ഷാജുമോൻ എം.ജെ, കളക്ട്രേറ്റ് ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.