തൊടുപുഴ: സർക്കാരിൽ നിന്ന് കോടിക്കണക്കിന് ഫണ്ടുകൾ ചിലവഴിച്ച് ആവിഷ്ക്കരിക്കുന്ന പദ്ധതികൾ അധികൃതരുടെ താല്പര്യക്കുറവിനാൽ നാശത്തിലേക്ക് കൂപ്പു കുത്തുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മലങ്കര ടൂറിസം ഹബ്ബിലുള്ള എൻട്രൻസ് പ്ലാസ.മന്ത്രിമാരായിരുന്ന പി ജെ ജോസഫും കോടിയേരി ബാലകൃഷ്ണനും പ്രത്യേക താല്പര്യമെടുത്താണ് മലങ്കര ടൂറിസം പദ്ധതി വിഭാവനം ചെയ്ത് 4 കോടി രൂപയുടെ ഫണ്ട് അനുവദിച്ചത്. സംസ്ഥാന ടൂറിസം വകുപ്പിൽ നിന്ന് അനുവദിച്ച ഫണ്ടിൽ നിന്ന് 3 കോടിയോളം രൂപ എൻട്രൻസ് പ്ലാസയുടെ നിർമ്മാണത്തിനാണ് ചിലവഴിച്ചതെന്നാണ് വിവരം.എന്നാൽ രണ്ടരക്കോടി മാത്രമാണ് ചിലവഴിച്ചതെന്ന അവകാശ വാദവുമായി അധികൃതർ ഇപ്പോൾ രംഗത്ത് എത്തുന്നുണ്ട്.2019 നവംബർ 2 നാണ് മലങ്കര ഹബ്ബിന്റെ ഉദ്ഘാടനം നടത്തിയത്.ഉദ്‌ഘാടനത്തിന് ശേഷം മൂന്ന് വർഷങ്ങൾ പൂർത്തിയാകാറായിട്ടും ഹാബിറ്റാറ്റ് ടൂറിസം വകുപ്പിന് കൈമാറിയ എൻട്രൻസ് പ്ലാസ ജനങ്ങൾക്ക് പ്രയോജനം ആകാതെ നോക്കുകുത്തിയായായ അവസ്ഥയിലാണ്.മലങ്കര ടൂറിസം ഹബ്ബ് പ്രവർത്തിക്കുന്ന സ്ഥലത്തിന്റെ ഉടമകളായ ജലവിഭവ വകുപ്പ് (എം വി ഐ പി),എൻട്രൻസ് പ്ലാസക്ക് വേണ്ടി മൂന്ന് കോടിയോളം ഫണ്ട് നൽകിയ ടൂറിസം വകുപ്പ് (ഡി ടി പി സി ),മലങ്കര ഹബ്ബിന്റെ നടത്തിപ്പ് ചുമതലക്കാരായ ഹബ്ബ് ജനറൽ കൗൺസിൽ തുടങ്ങിയ അധികൃതരുടെ കൃത്യമായ ഇടപെടൽ ഇല്ലാത്തതിനെ തുടർന്നാണ് കോടികൾ ചിലവഴിച്ച എൻട്രൻസ് പ്ലാസ നാടിന് പ്രയോജനം ലഭിക്കാത്ത കെട്ട് കാഴ്ച്ചയായി അധഃപതിച്ചതെന്ന് ജനങ്ങൾ പറയുന്നു.മൂന്ന് കോടിയോളം ഫണ്ട് ചിലവിട്ട് സ്ഥാപിച്ച എൻട്രൻസ് പ്ലാസയിൽ ശൗചാലയം മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ശൗചാലയം ഒരുക്കാൻ വേണ്ടി മൂന്ന് കോടി ചിലവഴിച്ചു എന്ന രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിലെ ട്രോളുകൾ വൈറലുമാണ്.എം വി ഐ പി,ടൂറിസം,ഹബ്ബ് ജനറൽ കൗൺസിൽ തുടങ്ങിയ അധികാരികൾക്ക് ഹബ്ബിന്റെ പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കാൻ സമയക്കുറവുണ്ടെങ്കിൽ പ്രവർത്തന പരിചയമുള്ളവരെ കണ്ടെത്തി വ്യവസ്ഥകളോടെ അവരെ ഏൽപ്പിക്കണമെന്നും ജനങ്ങൾ പറയുന്നു.കഴിഞ്ഞ ജൂണിൽ പി ജെ ജോസഫ് എം എൽ എയുടെ അധ്യക്ഷതയിൽ കളക്ടർ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത മലങ്കര ഹബ്ബിന്റെ ജനറൽ കൗൺസിൽ യോഗത്തിൽ എൻട്രൻസ് പ്ലാസയുടെ അപാകതകൾ ഒരു മാസത്തിനകം പരിഹരിക്കണമെന്ന് ഹാബിറ്റാറ്റിനെ അറിയിക്കണമെന്ന് തീരുമാനിച്ചിരുന്നു.എന്നാൽ എൻട്രൻസ് പ്ലാസയുടെ ചോർച്ച പരിഹരിക്കും,മറ്റ് പ്രശ്നങ്ങൾ സാങ്കേതിക കാരണങ്ങളാൽ ഏറ്റെടുക്കാൻ കഴിയില്ല എന്ന നിലപാടിലാണ് ഹാബിറ്റാറ്റ് അധികൃതർ.

ഓഡിറ്റോറിയം വാടകയ്ക്ക് നൽകണം

200 ആളുകൾക്ക് ഇരിക്കാനുള്ള സൗകര്യത്തിൽ എൻട്രൻസ് പ്ലാസയിൽ ആധുനിക രീതിയിൽ സ്ഥാപിച്ച ഓഡിറ്റോറിയം പൊതുജനങ്ങൾക്ക് വാടകയ്ക്ക് നൽകാൻ പോലും അധികൃതർ തയ്യാറാകുന്നില്ല.വാടകയ്ക്ക് നൽകിയാൽ സർക്കാർ തലത്തിലുള്ള യോഗങ്ങളുൾപ്പടെ നിരവധി പ്രോഗ്രാമുകൾ ഇവിടെ നടത്താൻ കഴിയും. .വാടകയിനത്തിൽ ലഭിക്കുന്ന വരുമാനം ഹബ്ബിന്റെ വികസനത്തിന്‌ ഉപയോഗപ്പെടുത്താനും കഴിയും.ഓഡിറ്റോറിയം വാടകക്ക് നൽകാൻ പണച്ചിലവ് ഇല്ലാത്ത കാര്യവുമാണ്.എന്നാൽ അതിലൊന്നും അധികൃതർ താല്പര്യപ്പെടുന്നില്ല.