തൊടുപുഴ: താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിൽ മാരക ലഹരിമരുന്നായ എംഡിഎംഎ ഉൾപ്പടെ കണ്ടെത്തിയ സാഹചര്യത്തിൽ നടപടികൾ കർക്കശമാക്കണമെന്ന് ബിജെപി മണ്ഡലം സമിതി പ്രസിഡന്റ് ശ്രീകാന്ത് കാഞ്ഞിരമറ്റം. ലഹരി ഉപയോഗിക്കുന്നവർ ഇതിന് ശേഷം വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പശ്ചാത്തലം തുടരുകയാണ്.
യുവാക്കളെയും സ്‌കൂൾ കുട്ടികളെയും ഉൾപ്പടെ വലയിൽ വീഴ്ത്തി നഗരത്തിൽ ലഹരി മരുന്ന് മാഫിയ പിടിമുറുക്കിയിരിക്കുകയാണ്. കഴിഞ്ഞവാരം തൊടുപുഴയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പടെ രണ്ടുപേർ മയക്കുമരുന്നുമായി പിടിയിലായിരുന്നു. പിറ്റേ ദിവസം ഒരു യുവതിയുൾപ്പടുന്ന സംഘവും പിടിയിലായി. ഇവർക്ക് എവിടെ നിന്ന് ഈ ലഹരി വസ്തുക്കൾ കിട്ടുന്നു, ആർക്കൊക്കെ വിതരണം ചെയ്യുന്നു എന്നതെല്ലാം കണ്ടുപിടിക്കേണ്ടതുണ്ട്.
ലഹരി മരുന്ന് മാഫിയയുടെ ഉപദ്രവത്തെ തുടർന്ന് നിരവധി കുടുംബങ്ങളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. പരാതിപ്പെടുന്ന ആളുകളെ പോലും ഉപദ്രവിക്കുന്ന നിരവധി സംഭവങ്ങൾ തൊടുപുഴയിൽ അരങ്ങേറിയിട്ടുണ്ട്. എന്നാൽ ബന്ധപ്പെട്ട അധികാരികൾ പലപ്പോഴും ഇത്തരം പ്രവണതകൾക്കെതിരെ മുഖം തിരിക്കുന്ന നടപടിയാണ് സ്വീകരിക്കുകയാണ്.. മയക്ക് മരുന്ന്, നിരോധിത പുകയില ഉത്പന്നങ്ങൾ എന്നിവയുടെ വിൽപ്പന തടയുവാൻ ആവശ്യമായ നടപടികൾ പോലീസ്, എക്‌സൈസ് വകുപ്പുകൾ കൈക്കൊള്ളാത്ത പക്ഷം ശക്തമായ സമര പരിപാടികളുമായി ബിജെപി രംഗത്ത് വരുമെന്ന് ശ്രീകാന്ത് അറിയിച്ചു.