പീരുമേട്: കുമളി , വണ്ടിപ്പെരിയാർ, പീരുമേട്, ഏലപ്പാറ പഞ്ചായത്തുകളിൽ കഴിഞ്ഞ രണ്ടു മാസമായി കുട്ടികളിലും മുതിർന്നവരിലും പനിയും, ചുമയും വർദ്ധിക്കുന്നു. കുട്ടികളിൽ ഉണ്ടാകുന്ന പനി പൂർണ്ണമായും വിട്ട് മാറുന്നുമില്ല. കഴിഞ്ഞ കുറെ ദിവസങ്ങളായി പെയ്തിരുന്ന ശക്തമായ മഴ മാറുകയും ഏതാനും ദിവസമായി കഠിനമായ വേനൽ തുടരുകയുമുണ്ടായി.വീണ്ടും മഴ തുടങ്ങിയതോടെ പ്രദേശത്ത് ജനങ്ങളിൽ പനി വിട്ടുമാറാതായി .എല്ലാ ദിവസവും നൂറുകണക്കിന് രോഗികളാണ് താലൂക്കിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നത്. തോട്ടം മേഖലയായ കുമളി ഹെൽത്ത് സെന്റർ, വണ്ടിപ്പെരിയാർ സി.എച്ച്.സി, പീരുമേട് താലൂക്ക് ആശുപത്രി, ഏലപ്പാറ, ഹെൽത്ത് സെന്റർ, എന്നിവിടങ്ങളിൽ ദിവസവും ഒ.പിയിൽ നൂറുകണക്കിന് രോഗികൾ ചികിത്സക്കായി എത്തുന്നുണ്ട് കുമിളി ഹെൽത്ത് സെന്ററിൽ മാത്രം ദിവസവും 300 രോഗികൾ ഒ.പിയിൽ എത്തുന്നുണ്ട് ഇവരിൽ അധികവും പനിയും ചുമയും ഉള്ളവരും കുഞ്ഞുങ്ങളുമാണ്. കുമളി ആശുപത്രിയിൽ കഴിഞ്ഞ ദിവസം വരെ തക്കാളിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു. കുട്ടികളിലാണ് ഇത് പിടിപെടുന്നത് രോഗികളിൽ പനി വിട്ടുമാറാതെ തുടരുകയാണ്.ആശുപത്രിയിൽ ആവശ്യത്തിന് മരുന്നുകളില്ല. ആവശ്യപ്പെടുന്ന അളവിൽ താലൂക്കിലെ ആശുപത്രികളിൽ മരുന്നുകൾ ലഭിക്കുന്നില്ല എന്ന പരാതി നിലനിൽക്കുകയാണ്.. കുമളി ഹെൽത്ത് സെന്ററിൽ മാത്രം അഞ്ച് നഴ്‌സിന്റെ കുറവുണ്ട് ഈ കുറവ് നികത്തണമെന്ന് ആവശ്യം പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. ആവശ്യത്തിന് ഗ്ലൗസ്, മാസ്‌ക്ക്, ഇവയും ആശുപത്രികളിൽ എത്തുന്നില്ല എന്ന ആക്ഷേപവും നിലനിൽക്കുന്നു. സർക്കാർ ആശുപത്രിയിൽ ചികിത്സ തേടുന്ന രോഗികൾക്ക് പപ്പോഴും പുറത്തുനിന്ന് മരുന്ന് വിലകൊടുത്തു വാങ്ങേണ്ടി വരുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന പാവപ്പെട്ട രോഗികൾക്ക് ബുദ്ധിമുട്ടിനിടയാക്കുന്നു.