തൊടുപുഴ: ഗ്രൗണ്ടിലേക്കുള്ള പ്രവേശനം എം.വി.ഐ.പി തടഞ്ഞതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഇന്നലെ രാവിലെ നടത്താനിരുന്ന ഡ്രൈവിംഗ് ടെസ്റ്റ് തടസപ്പെട്ടു. മോട്ടോർ വാഹന വകുപ്പ് കൈയേറിയ ഭൂമിയിലൂടെയുള്ള പ്രവേശനമാണ് തടഞ്ഞതെന്നാണ് എം.വി.ഐ.പി അധികൃതർ പറയുന്നത്. കഴിഞ്ഞ ഏതാനും നാളുകളായി ഇരു വകുപ്പുകളും തമ്മിൽ ഇവിടെ തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു. ജലവിഭവ വകുപ്പിന്റെ ഉടമസ്ഥതയിൽ കോലാനിയിലെ എം.വി.ഐ.പി കനാലിന് സമീപമുള്ള 22.5 സെന്റ് സ്ഥലം ഡ്രൈവിംഗ് ടെസ്റ്റിനായി മോട്ടോർ വാഹന വകുപ്പിന് വിട്ടുനൽകിയിരുന്നു. ഇതിന് സമീപത്ത് നാട്ടുകാരുടെ നേതൃത്വത്തിൽ കളി സ്ഥലവുണ്ടായിരുന്നു. ഏതാനും മാസം മുമ്പ് വോളിബോൾ ഗ്രൗണ്ട് ഉൾപ്പെടുന്ന സ്ഥലം കൂടി മോട്ടോർ വാഹന വകുപ്പ് അധികൃതർ കമ്പി വേലി കെട്ടി തിരിച്ചു. ഇതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങി. മോട്ടോർ വകുപ്പ് ഭൂമി കൈയേറിയതായി ജലവിഭവ മന്ത്രിക്ക് നാട്ടുകാർ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഭൂമി അളന്ന് മുമ്പ് അനുവദിച്ച 22 സെന്റ് സ്ഥലം മോട്ടോർ വാഹന വകുപ്പിന് അതിർത്തി നിർണയിച്ച് നൽകി. എന്നാൽ ഇവിടേക്കുള്ള പ്രവേശനം എം.വി.ഐ.പിയുടെ അധീനതയിലുള്ള സ്ഥലത്ത് കൂടി തുടർന്നു. ഇതാണ് ഇന്നലെ ജലവിഭവ വകുപ്പ് ബോർഡ് സ്ഥാപിച്ച് തടഞ്ഞത്. ഇതോടെ ഇന്നലെ ഡ്രൈവിംഗ് ടെസ്റ്റിനെത്തിയവർക്ക് ഗ്രൗണ്ടിലേക്ക് കയറാനായില്ല. പിന്നീട് ജെ.സി.ബി ഉപയോഗിച്ച് മറ്റൊരു സ്ഥലത്ത് കൂടി ഗ്രൗണ്ടിലേക്ക് പ്രവേശന പാത വെട്ടിയാണ് ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയത്. എഴുപതോളം പേരാണ് ഗ്രൗണ്ടിൽ എച്ച് എടുക്കുന്നതിന് മണിക്കൂറുകളോളം കാത്തിരുന്നത്. ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റ് നേരത്തെ തന്നെ തടസമില്ലാതെ നടന്നിരുന്നു.
രാഷ്ട്രീയ ഇടപെടലെന്ന് സംശയം
രാഷ്ട്രീയ ഇടപെടലുകളാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണമെന്നാണ് സൂചന. മോട്ടോർ വാഹന വകുപ്പ് അധികമായി ഉപയോഗിക്കുന്ന സ്ഥലം വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് എം.വി.ഐ.പി അധികൃതർ നേരത്തെ കത്തു നൽകിയിരുന്നു. ഇതിനിടെയാണ് എം.വി.ഐ.പി അപ്രതീക്ഷിതമായി സ്ഥലത്ത് ബോർഡ് സ്ഥാപിച്ചത്. മോട്ടോർ വാഹന വകുപ്പ് അനധികൃതമായി കൈയേറിയ ഭൂമി തിരിച്ചു പിടിക്കുകയായിരുന്നുവെന്നാണ് ജലവിഭവ വകുപ്പിന്റെ വിശദീകരണം. ഇതിനിടെ എം.വി.ഐ.പി സ്ഥാപിച്ച ബോർഡ് ആരോ പറിച്ചു മാറ്റി. ഇതിനെതിരെ പൊലീസിൽ പരാതി നൽകിയെന്ന് എം.വി.ഐ.പി അധികൃതർ അറിയിച്ചു.
''പുതിയ സംവിധാനം ഒരുക്കുന്നത് വരെ നിലവിലെ സ്ഥിതി തുടരാൻ അനുവദിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് എം.വി.ഐ.പി അധികൃതർ മറുപടി നൽകിയില്ല. നിലവിലുള്ള സംവിധാനം പരിമിതമാണെന്നും കൂടുതൽ സ്ഥലം അനുവദിക്കണമെന്ന് കളക്ടർ മുഖേന നൽകിയ കത്തിനും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.""
-ജോയിന്റ് ആർ.ടി.ഒ എസ്.എസ്. പ്രദീപ്