അടിമാലി: സി.പി.ഐ ജില്ലാ സമ്മേളനത്തിന് ഇന്ന് അടിമാലിയിൽ കൊടി ഉയരും. മലയോര പട്ടണമായ അടിമാലി ഇത് മൂന്നാം തവണയാണ് ജില്ലാ സമ്മേളനത്തിന് ആതിഥേയത്വം വഹിയ്ക്കുന്നത്. ഇന്നലെ സമ്മേളന നഗരയിലേക്കുള്ള ബാനർ ജാഥ തൊടുപുഴ കെ.എസ്. കൃഷ്ണപിള്ള സ്മാരകത്തിൽ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനും പതാക ജാഥ നെടുങ്കണ്ടത്ത് വാഴൂർ സോമൻ എം.എൽ.എയും കൊടിമര ജാഥ ഗൂഢാർവിള പാപ്പമ്മാൾ ഹസൻ റാവൂത്തർ സ്മൃതി മണ്ഡപത്തിൽ ജില്ലാ അസി. സെക്രട്ടറി പി മുത്തുപാണ്ടിയും ഉദ്ഘാടനം ചെയ്തു. ജില്ലാ എക്‌സി. അംഗം വി.കെ. ധനപാൽ നയിക്കുന്ന പതാക ജാഥയും സംസ്ഥാന കൗൺസിലംഗം കെ. സലിംകുമാർ നയിക്കുന്ന ബാനർ ജാഥയും ജില്ലാ കൗൺസിലംഗം പി. പളനിവേൽ നയിക്കുന്ന കൊടിമര ജാഥയും ഇന്ന് രാവിലെ സമ്മേളന നഗരിയിലേക്ക് പ്രയാണം ആരംഭിക്കും. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി കെ.ജെ. ജോയ്‌സ് നയിക്കുന്ന ദീപശിഖാ ജാഥ ഇരുമ്പുപാലത്ത് സംസ്ഥാന കൺട്രോൾ കമ്മിഷനംഗം മാത്യൂ വർഗീസ് കൈമാറും. വാദ്യമേളങ്ങളുടെ അകമ്പടിയോടെ എത്തുന്ന വിവിധ ജാഥകൾ വൈകിട്ട് നാലിന് സമ്മേളന നഗരിയിൽ സംഗമിക്കും. സി.പി.ഐ സംസ്ഥാന കൗൺസിലംഗം സി.എ. ഏലിയാസ് സമ്മേളന നഗരിയിൽ പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ അദ്ധ്യക്ഷത വഹിക്കും. സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ് ബാബു, അഡ്വ. പി. വസന്തം, എൻ. രാജൻ എന്നിവർ സംസാരിക്കും. സ്വാഗത സംഘം ജനറൽ കൺവീനർ സി.എ. ഏലിയാസ് സ്വാഗതവും ട്രഷറർ വിനു സ്‌കറിയ നന്ദിയും പറയും. നാളെ നടക്കുന്ന പ്രതിനിധി സമ്മേളനം രാവിലെ 11.30ന് സി.പി.ഐ കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.