തൊടുപുഴ: എൽ.ഡി.എഫിനെ അട്ടിമറിക്കാൻ ഗവർണർ ബി.ജെ.പിയുടെ വാടക ഗുണ്ടയായി പ്രവർത്തിക്കുകയാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ. സി.പി.ഐ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന ബാനർ ജാഥയുടെ ഉദ്ഘാടനം തൊടുപുഴയിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക പാർട്ടികളിലടക്കം നിരവധി പാർട്ടികളിൽ മാറിമാറി ചേർന്ന മുഹമ്മദ് ആരിഫ് ഖാൻ ഒടുവിൽ ബി.ജെ.പിയുടെ കൂട്ട് കൂടി പദവിക്ക് നിരക്കാത്ത പ്രവർത്തികളാണ് ഗവർണറായിരിക്കെ നടത്തുന്നത്. വൈസ് ചാൻസിലർമാരെ ഭീഷണിപ്പെടുത്തിയും പദവിയുടെ അന്തസിന് കളങ്കം വരുത്തുകയാണ്. രാജ്യത്ത് തിരഞ്ഞെടുപ്പുകൾ കള്ളപണം ഒഴുക്കി അട്ടിമറിക്കുകയാണ് മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഗവൺമെന്റ് എം.പിമാർ, എം.എൽ.എമാർ എന്നിവർക്ക് കോടികൾ വാരിയെറിഞ്ഞ് ബി.ജെ.പി വിലയ്ക്കെടുക്കുകയാണ്. കേരളത്തിലെ അതിവേഗ റെയിൽ പാതയെ എതിർക്കുന്ന ബി.ജെ.പി അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അതിവേഗ റെയിൽ പാതകൾ നടപ്പാക്കുന്നു. കേരളത്തിൽ മുഖ്യമന്ത്രിക്കെതിരെ വ്യാജ പ്രചരണങ്ങൾ ബി.ജെ.പിയും കോൺഗ്രസും അഴിച്ചുവിടുകയാണ്. സ്വർണ്ണ കടത്ത് നടത്തിയെന്ന വ്യാജ പ്രചരണം മുഖ്യമന്ത്രിക്കെതിരെ കെട്ടിച്ചമക്കുകയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഉൾപ്പെടെ വിവിധ ഏജൻസികളെ ഉപയോഗിച്ച് കേരളത്തിൽ ഭരണം അട്ടിമറിക്കാനുള്ള ശ്രമങ്ങളും കോൺഗ്രസ് ബി.ജെ.പി സഖ്യം നടത്തിയെങ്കിലും പരാജയപ്പെട്ടെന്ന് ശിവരാമൻ പറഞ്ഞു. സി.പി.ഐ തൊടുപുഴ മണ്ഡലം സെക്രട്ടറി വി.ആർ. പ്രമോദ് സ്വാഗതം പറഞ്ഞു. മൂലമറ്റം മണ്ഡലം സെക്രട്ടറി സുനിൽ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്ടൻ കെ. സലിംകുമാർ, ജാഥാ ഡയറക്ടർ ജോസ് ഫിലിപ്പ്, ജാഥാ അംഗങ്ങളായ പി.പി. ജോയി, മുഹമ്മദ് അഫ്‌സൽ, ഗീതാ തുളസീധരൻ എന്നിവർ പങ്കെടുത്തു. ഇ.കെ. അജിനാസ് നന്ദി പറഞ്ഞു.