ഇടുക്കി: ജില്ലയിലെ സങ്കീർണ്ണമായ ഭൂമി പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ വിവിധ മതസാമൂഹ്യ സംഘടനകളുടെയും കാർഷിക സംഘടനകളുടെയും വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കമുള്ള ബഹുജന സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ ഇടുക്കി ലാന്റ് ഫ്രീഡം മൂവ്‌മെന്റ് (ഐ.എൽ.എഫ്.എം) എന്ന പേരിൽ സമര സമിതിക്ക് രൂപം നൽകി. ജില്ലയിലെ ജനജീവിതത്തെ ഗുരുതരമായി ബാധിച്ചിരിക്കുന്ന നിർമ്മാണനിരോധനം, ബഫർസോൺ വിഷയങ്ങൾ, വന്യമൃഗശല്യം, മരം മുറിയ്ക്കൽ നിരോധനം, പട്ടയപ്രശ്‌നങ്ങൾ അടക്കം ഒട്ടനവധി പ്രശ്‌നങ്ങൾക്ക് ശാശ്വതമായ പരിഹാരം ഉണ്ടാകണമെന്ന് സംഘടന ആവശ്യപ്പെടുന്നു. സംസ്ഥാന സർക്കാരും മുഖ്യധാര രാഷ്ട്രീയകക്ഷികളും ജില്ലയിലെ ജനങ്ങളോട് പുലർത്തുന്ന ഗുരുതരമായ അനാസ്ഥയിൽ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. ഇന്ത്യൻ ഭരണഘടന എല്ലാ പൗരൻമാർക്കും വിഭാവനം ചെയ്യുന്ന തുല്യനീതി ഇടുക്കിയിലെ കർഷകജനതയ്ക്ക് നിഷേധിക്കുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി വിവിധ ഉത്തരവുകളിലൂടെ ജില്ലയിലെ ജനജീവിതത്തിന് വിലങ്ങുകളിടുന്നു. ഈ പ്രവണതയ്‌ക്കെതിരെ ജില്ലയിലെ ജനങ്ങളെ ഒന്നിച്ച് അണിനിരത്തി വമ്പിച്ച ബഹുജന പ്രക്ഷോഭത്തിന് സംഘടന നേതൃത്വം നൽകും. നവംബർ ഒന്നിന് കേരള പിറവി ദിനത്തിൽ 1000 വാഹനങ്ങളണിനിരക്കുന്ന ജില്ലാ ആസ്ഥാനത്ത് നിന്ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും. ജാഥയുടെ സമാപനത്തിൽ ഒരുലക്ഷം പേരെ അണിനിരത്തി സെക്രട്ടറിയേറ്റ് ഉപരോധിക്കും. ജില്ലാവ്യാപാരഭവനിൽ ചേർന്ന യോഗത്തിൽ സമരസമിതി ചെയർമാനായി വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിയെയും ജനറൽ കൺവീനറായി അതിജീവനപോരാട്ടവേദി ചെയർമാൻ റസാക്ക് ചൂരവേലിയേയും ട്രഷററായി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വർക്കിഗ് പ്രസിഡന്റ് കെ.ആർ വിനോദിനേയും യോഗം തിരഞ്ഞെടുത്തു.