shyni

കട്ടപ്പന: കൃഷി ഭവനും നഗരസഭയും ചേർന്ന് നടത്തിയ അത്യുത്പാദന ശേഷിയുള്ള തെങ്ങിൻ തൈകളുടെയും കുരുമുളക് ചെടികളുടെയും വിതരണോദ്ഘാടനം ടൗൺ ഹാളിൽ നഗരസഭാ ചെയർപേഴ്‌സൺ ഷൈനി സണ്ണി ചെറിയാൻ നിർവഹിച്ചു. സമയബന്ധിതമായി നടീൽ വസ്തുക്കൾ വിതരണം ചെയ്തതിന് കൃഷിഭവനെ ചെയർപേഴ്‌സൺ പ്രത്യേകം അഭിനന്ദിച്ചു. കേര സമൃദ്ധി പദ്ധതി പ്രകാരം വെസ്റ്റ്‌കോസ്റ്റ് ടോൾ (ഡബ്ല്യു.സി.ടി) ഇനത്തിൽപെട്ട അത്യുത്പാദന ശേഷിയുള്ള 1000 തെങ്ങിൻ തൈകളും കുരുമുളക് കൃഷി വികസന പദ്ധതി പ്രകാരം കരുമുണ്ട ഇനത്തിൽപ്പെട്ട 4000 തൈകളുമാണ് വിതരണത്തിനെത്തിച്ചത്. തൈ ഒന്നിന് 100 രൂപ ചെലവ് വരുന്ന തെങ്ങിൻ തൈകൾ 50 രൂപ ഗുണഭോക്തൃ വിഹിതം കൈപറ്റിയും കുരുമുളക് തൈകൾ സൗജന്യമായുമാണ് വിതരണം ചെയ്തത്. വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കൃഷി ഓഫിസർ സുരേഷ് കുമാർ സ്വാഗതം പറഞ്ഞു. കട്ടപ്പന കൃഷി ഓഫീസർ എം.ജെ. അനുരൂപിന്റെ അകാലവിയോഗത്തിൽ യോഗം അനുശോചിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഏലിയാമ്മ സാലി, കൗൺസിലർ ജൂലി റോയി, കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.