 
ഏലപ്പാറ: സർക്കാർ സ്‌കൂളിന് സമീപം മാലിന്യ നിക്ഷേപം വ്യാപകമാകുന്നു. സ്‌കൂളിന് സമീപം പഴയ പാറമട ഭാഗത്താണ് മാലിന്യം വ്യാപകമായി നിക്ഷേപിച്ചിരിക്കുന്നത്. ജൈവ അജൈവ മാലിന്യങ്ങൾ കുന്നു കൂടി ദുർഗന്ധം വമിക്കുകയാണ്. ഇതോടെ സ്‌കൂളിലെ വിദ്യാർത്ഥികൾക്കും സമീപം താമസിക്കുന്നവർക്കും സാംക്രമിക രോഗങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത വർദ്ധിച്ചു. ഏലപ്പാറ പഞ്ചായത്തിന് മാലിന്യനിർമ്മാർജനം ഒരു കീറാമുട്ടിയാണ്. ടൗണിലും പരിസര പ്രദേശങ്ങളിലും മാലിന്യങ്ങൾ വ്യാപകമായി നിക്ഷേപിക്കുന്നത് അവസാനിപ്പിക്കാൻ ഗ്രാമ പഞ്ചായത്തിന് കഴിയുന്നില്ല. ഭരണസമിതി ശാസ്ത്രീയമായി മാലിന്യനിർമ്മാർജനം നടത്തിയാൽ മാത്രമേ ഇതിന് പരിഹാരം കണ്ടെത്താനാകൂ. രാത്രിയിലും പകലുമായി സമീപവാസികളും മാർക്കറ്റിൽ നിന്നുള്ള മാലിന്യവും ഇവിടെ നിക്ഷേപിക്കുന്നുണ്ട്. മഴ ശക്തമായതോടെ മാലിന്യങ്ങൾ വെള്ളത്തിൽ കുതിർന്ന് പ്രദേശത്ത് രൂക്ഷമായ ദുർഗന്ധമാണ്. തെരുവ് നായ്ക്കളും ഇതിന്റെ പരിസരത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. രാത്രികാലങ്ങളിൽ തെരുവുനായ്ക്കൾ മാലിന്യങ്ങൾ കടിച്ച് വലിച്ച് സ്‌കൂളിന്റെ മുറ്റത്തും സ്‌കൂളിലേക്ക് കടന്നുവരുന്ന പാതയോരത്തും വീടുകളുടെ മുറ്റത്തുമിടുന്നുണ്ട്. പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് മാലിന്യം നീക്കം ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.